പൊലീസുകാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണം; ആവശ്യവുമായി സംഘടനകൾ

പൊലീസുകാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടനകൾ. ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും വിശ്രമം അനുവദിക്കണമെന്നും ആവശ്യം. കാക്കി യൂണിഫോമിന് പുറമെ വ്യത്യസ്തമായ മറ്റൊരു യൂണിഫോം കൂടി സേനയ്ക്ക് കണ്ടെത്തണമെന്നും നിർദേശം. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പഠന റിപ്പോർട്ടിലാണ് ഇത്തരത്തിലുള്ള വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇൻസ്പെക്ടർ റാങ്കിലുള്ള പൊലീസുകാരുടെ സംഘടനയാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലീസുകാരുടെയും വിദഗ്ധരുടെയും അഭിപ്രായം തേടിയാണ് നാളെയുടെ പൊലീസ് ഇങ്ങിനെയാവണം എന്ന തലക്കെട്ടോടെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിർദേശങ്ങൾ നൽകിയത്. പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കാൻ ഉൾപ്പടെ വിശദമായ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ജോലി സമയം എട്ട് മണിക്കൂറാണെന്ന് ഉറപ്പാക്കണമെന്നും ആഴ്‌ചയിൽ ഒരു ദിവസം വിശ്രമം നിർബന്ധമായും അനുവദിക്കണമെന്നുമാണ് പ്രധാന നിർദേശം. കൗൺസിലിങ്ങിനായി എല്ലാ ജില്ലയിലും പ്രഫഷണൽ കൗൺസിലർമാരുടെ സേവനം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. പൊലീസ് നിയമന രീതികളിലെ മാറ്റമാണ് മറ്റൊരു പ്രധാന നിർദേശം.
എസ്.ഐ റാങ്കിലേക്ക് 50 ശതമാനം സ്ഥാനക്കയറ്റവും 50 ശതമാനം പി.എസ്.സി വഴിയുമാണ് നിലവിലെ നിയമനം. ഇനി പി.എസ്.സി വഴിയുള്ള നിയമനത്തിൽ പകുതി മാത്രമേ പൊതുജനങ്ങൾക്ക് നൽകാവൂവെന്നും ബാക്കി പകുതി പൊലീസിലുള്ളവർക്ക് അപേക്ഷിക്കാനായി മാറ്റമെന്നും ആവശ്യപ്പെടുന്നു. ഇങ്ങിനെ വരുമ്പോൾ താഴ്ന്ന റാങ്കുകളിൽ ജോലി ചെയ്യുന്ന ഉന്നത വിദ്യാഭ്യാസമുള്ളവർക്ക് പരീക്ഷയിലൂടെ എസ്ഐ റാങ്കിലെത്താമെന്നാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്. കാക്കി യൂണിഫോമിലെ പരിഷ്കാരവും നിർദേശമായുണ്ട്. എക്സൈസും ജയിലുമടക്കം കാക്കി യൂണിഫോമായതിനാൽ, പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി മറ്റൊരു നിറത്തിലുള്ള യൂണിഫോം കൂടി വേണമെന്നാണ് നിർദേശം. ഇതടക്കമുള്ള നിർദേശങ്ങളിൽ ചർച്ചയാവാമെന്ന മറുപടിയാണ് മുഖ്യമന്ത്രിയും ഡി.ജി.പിയും സംഘടന നേതാക്കൾക്ക് നൽകിയത്.




