മാലിന്യ നിക്ഷേപ കേന്ദ്രമായി ഇരിട്ടി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഒഴിഞ്ഞ ചെങ്കൽ പണ.

ഇരിട്ടി: മാലിന്യ നിക്ഷേപ കേന്ദ്രമായി ഇരിട്ടി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഒഴിഞ്ഞ ചെങ്കൽ പണ. ശുചിത്വത്തിന് മുൻതൂക്കം നൽകുന്ന നഗരസഭയും മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് നാടുനീളെ ബോർഡുകൾ വെച്ചിട്ടുണ്ടെങ്കിലും താലൂക്ക് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ ഉപേക്ഷിക്കപ്പെട്ട ചെങ്കൽ പണയിലാണ് നിത്യവും ജൈവ- അജൈവ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത്. നഗരത്തോട് ചേർന്ന പ്രദേശങ്ങളിലെ ചില കടകളിൽ നിന്നും എത്തിക്കുന്ന പഴം, പച്ചക്കറി എന്നിവക്കൊപ്പം വിവിധതരം പ്ലാസ്റ്റിക്ക്, പാമ്പേഴ്സ് തുടങ്ങിയവയുമാണ് ഇതിൽ കൊണ്ടുവന്ന് കുന്നുകൂട്ടിയിരിക്കുന്നത്. ഈ കുന്നിന് കീഴെ നിരവധി ഉൾപ്പെടെയുള്ള ജനവാസ മേഖലയാണ്. ഈ കുന്നിൽ നിന്നുള്ള വെള്ളമാണ് ഈ പ്രദേശങ്ങളിലെ കിണറുകളെ ജലസമൃദ്ധമാക്കുന്നത്. മഴപെയ്താൽ മാലിന്യക്കൂമ്പാരമായ പണയിൽ വെള്ളം നിറയുന്നതോടെ മലിനജലം സ്ത്രോതസ്സുകളിലേക്ക് ഒഴുകിയെത്തുകയും കുറച്ചുകാലമായി ഉറവിട മേതെന്നറിയാത്ത മഞ്ഞപ്പിത്തമടക്കമുള്ള സാംക്രമിക രോഗങ്ങൾ മൂലം ഭീതിയിലായ ഇരിട്ടിമേഖലയിലെ പ്രദേശ വാസികൾക്ക് വിനയായി മാറിയേക്കാം.
താഴെ ഭാഗം ജനവാസ മേഖലയാണെങ്കിലും ആളൊഴിഞ്ഞ കുന്നിൻ പ്രദേശമാണ് ഇവിടം അതുകൊണ്ടുതന്നെ ഇത് ആരും ശ്രദ്ധിക്കുന്നില്ല എന്നത് കൊണ്ടാവാം ഇവിടെ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളാൻ ഇടയാക്കുന്നത്. ഇവിടുത്തെ മാലിന്യ നിക്ഷേപത്തിനെതിരെ സമീപവാസികൾ ഉൾപ്പെടെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.




