Uncategorized

സ്വർണത്തിന്റെ പകരക്കാരനും വീണു; കൂപ്പുകുത്തി വെള്ളിവില, ഒറ്റ ദിവസം 25 ശതമാനം ഇടിവ്, ചങ്കിടിപ്പിൽ നിക്ഷേപകർ

ഭാവിയിൽ സ്വർണത്തിന് പകരക്കാരനാകുമെന്ന് പ്രവചിച്ച വെള്ളിക്ക് വൻ വിലയിടിവ്. ആഗോളവിപണിയിൽ വെള്ളിവില കൂപ്പുകുത്തി. ഒറ്റ ദിവസം കൊണ്ട് 25 ശതമാനത്തിൻ്റെ വീഴ്ച്‌ചയാണുണ്ടായത്. 1980കൾക്ക് ശേഷം ഒറ്റദിവസത്തെ ഏറ്റവും വലിയ വിലയിടിവാണിത്. ആഴ്‌ചകൾ കൊണ്ട് കുതിച്ചുകയറിയ വിലയിൽ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതോടെയാണ് വില നിലംപതിച്ചത്. ഇതോടെ, വെള്ളി ഇടിഎഫ് നിക്ഷേപകർ ഉൾപ്പെടെ ചങ്കിടിപ്പിലാണ്.
ഔൺസിന് 121 ഡോളർ എന്ന റെക്കോഡ് വിലയിൽ നിന്ന് 74 ഡോളർ വരെ താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പിന്നീട് 85 ഡോളറിലേക്ക് ഉയർന്നു. കിലോക്ക് 3,50,000 എന്ന നിലയിലാണ് കേരളത്തിലെ വെള്ളിവില. ഇന്നലെ 4,05,000 രൂപയായിരുന്നു. ഒറ്റ ദിവസം 55,000 രൂപയുടെ ഇടിവാണുണ്ടായത്.
സ്വർണം, വെള്ളി വിലകളിൽ നേരിയ ഇടിവിനുള്ള സാധ്യത വിദഗ്‌ധർ പ്രവചിച്ചിരുന്നു. ഇത് അവസരമാക്കി കൂടുതൽ നിക്ഷേപം നടത്താമെന്ന സാധ്യതയും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പ്രവചനങ്ങളെ മറികടന്ന വിലയിടിവാണ് സ്വർണത്തിലും വെള്ളിയിലുമുണ്ടായത്. ലാഭമെടുപ്പും വിപണിയിലെ ചാഞ്ചാട്ടവും ഡോളർ നേരിയ തോതിൽ ശക്തിപ്പെട്ടതുമെല്ലാം വിലയിടിവിന് കാരണമായി.
വെള്ളി, സ്വർണ വിലകളെ അടിസ്ഥാനമാക്കിയുള്ള ഓഹരിവിപണിയിലെ ഇടിഎഫുകളിൽ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) കഴിഞ്ഞ മാസങ്ങളിൽ വൻ കുതിപ്പാണുണ്ടായത്. നിക്ഷേപകർ കൂട്ടത്തോടെ എത്തിയതോടെ മാസങ്ങൾ കൊണ്ട് വില ഇരട്ടിച്ചിരുന്നു. എന്നാൽ, ഇന്നലെ ഒറ്റ ദിവസം കൊണ്ട് 20 ശതമാനത്തിനടുത്താണ് സിൽവർ ഇടിഎഫുകളിൽ വിലയിടിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button