സ്വര്‍ണക്കൊള്ള; എസ്ഐടി നടന്‍ ജയറാമിന്റെ മൊഴിയെടുത്തു; കേസില്‍ സാക്ഷിയാക്കും.

ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണം സംഘം. എസ്ഐടി നടൻ ജയറാമിന്റെ മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിൽവച്ചായിരുന്നു മൊഴിയെടുത്തത്. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങിയതെന്നും പോറ്റി വീട്ടിൽ പൂജകൾക്കായി എത്തിയിട്ടുണ്ടെന്നും ജയറാം മൊഴിനൽകി.
തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ജയറാം മൊഴി നൽകി. കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റിവിളിച്ചപ്പോൾ പങ്കെടുത്തിരുന്നു. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയറാമിനെ സാക്ഷിയാക്കും. സ്വർണവ്യാപാരി ഗോവർധനെ പരിചയമുണ്ടെന്നും ജയറാം അന്വേഷണ സംഘത്തോട് പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം നൽകുന്നതിന് മുന്നോടിയായുള്ള പ്രോസിക്യൂഷൻ അനുമതി പോലും തേടാതെ അന്വേഷണസംഘം. അറസ്‌റ്റിലായ 12ൽ 9 പ്രതികൾക്കുമെതിരെ കുറ്റപത്രം നൽകണമെങ്കിൽ സർക്കാരിന്റെ അനുമതി വേണം. കുറ്റപത്രം നടപടികൾ വൈകുന്നതോടെ ജാമ്യാപേക്ഷയുമായി കൂടുതൽ പ്രതികൾ കോടതിയെ സമീപിച്ചു. എൻ.വാസു ഉൾപ്പടെ നാല് പ്രതികൾ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങാനും സാധ്യത തെളിഞ്ഞു.




