ശീതള പാനീയങ്ങളില്‍ മൂത്രം കലര്‍ത്തിയത് ഒരു വര്‍ഷത്തോളം; ഒന്‍പതുകാരന്‍ ആശുപത്രിയില്‍; ഒടുവില്‍ കുറ്റസമ്മദം

ഒരു വർഷത്തോളമായി ശീതള പാനീയങ്ങളിൽ മൂത്രം കലർത്തിയിരുന്നതായി 63 കാരന്റെ കുറ്റസമ്മതം. സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ശീതള പാനീയങ്ങളിലാണ് ഇയാൾ കൃത്രിമം കാണിച്ചത്. സൂപ്പർമാർക്കറ്റിൽ നിന്നും ശേഖരിച്ച കുപ്പികളിൽ മൂത്രം നിറച്ച ശേഷം തിരികെ എത്തിക്കുകയായിരുന്നു. ഹോങ്കോങിലാണ് സംഭവം.
ഹോങ്കോങിലെ ഷാം ഷുയി പോയിലെ നാം ചിയോങ് പ്ലേസ് ഷോപ്പിങ് സെന്ററിലെ വിവിധ കടകളിലാണ് മൂത്രം കലർത്തിയ ശീതള പാനീയങ്ങൾ കൊണ്ടുവച്ചത്. 2024 ജൂലൈ 21 നും 2025 ഓഗസ്‌റ്റ് 6 നും ഇടയിലാണ് സംഭവം. ശീതള പാനീയത്തിലുണ്ടായ രുചി വ്യത്യാസത്തെ പറ്റി പരാതി വന്നതിന് പിന്നാലെയാണ് കള്ളി വെളിച്ചതാകുന്നത്.
സൂപ്പർമാർക്കറ്റുകളിലെത്തിയ പരാതി കമ്പനിയിലേക്ക് കൈമാറി. ശീതള പാനീയം കുടിച്ച ഒൻപതുവയസുകാരന് ആരോഗ്യപ്രശ്‌ങ്ങളുണ്ടായി.
പിന്നീട് നടത്തിയ പരിശോധനയിലാണ് ഒരാൾ കടകളിലെത്തി ഷെൽഫുകളിൽ കുപ്പി മാറ്റിവെയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സൂപ്പർമാർക്കറ്റ് ജീവനക്കാരുമായുള്ള തർക്കവും ഇതിലുണ്ടായ പകയുമാണ് ഇതിന് പിന്നിലെന്നും തമാശയായിട്ടാണിത് ചെയ്തതെന്നുമാണ് പ്രതിയുടെ വാദം. പ്രതി വിഷാദത്തിലായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. ജോലിയിൽ നിന്നും വിരമിച്ച ഇയാൾ വിവാഹമോചിതനാണ്. അടുത്ത സുഹൃത്തക്കളെയും കുടുംബാംഗങ്ങളെയും ഇതിനിടയിൽ നഷ്‌ടപ്പെട്ടു. ഇതാണ് വിഷാദത്തിന് കാരണമായതെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
താൻ ചെയ്തതിൽ ഖേദമുണ്ടെന്നും തെറ്റായ രീതിയിലാണ് ദേഷ്യം കൈകാര്യം ചെയ്തതെന്നും പ്രതി കോടതിയിൽ സമ്മതിച്ചു. എന്നാൽ പൊതുജനത്തിന് ഭീഷണിയായതിനാൽ സംഭവം ഗൗരവതരം എന്നാണ് കോടതി വിലിയിരുത്തിയത്. 63 കാരന്റെ സാഹചര്യം കണക്കിലെടുത്ത് ജയിൽ ശിക്ഷയ്ക്ക് പകരമായി കമ്മ്യൂണിറ്റി സർവീസ് അടക്കമുള്ള മറ്റു രീതിയിൽ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ വിധിക്കുന്നതുവരെ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.




