കൊളംബിയയിൽ വിമാനം തകർന്നുവീണു; ജനപ്രതിനിധിയടക്കം 15 പേർക്ക് ദാരുണാന്ത്യം

ഒകാന: കൊളംബിയൻ വിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. വെനസ്വേല അതിർത്തിക്കു സമീപമാണ് വിമാനം തകർന്നുവീണത്. 15 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും എല്ലാവരും മരിച്ചെന്നും കൊളംബിയ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സറ്റെന എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 13 യാത്രികരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
കൊളംബിയയുടെ അതിർത്തി നഗരമായ കുകൂട്ടയിൽനിന്ന് പുറപ്പെട്ട വിമാനം ഉച്ചയോയെ സമീപത്തെ ഒകാനയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, ലാൻഡിങ്ങിന് മുൻപായി ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കുകൂട്ട പ്രദേശം വനനിബിഡമാണ്. ഇവിടെ കാലാവസ്ഥ അതിവേഗം മാറുകയും ചെയ്യും. കൊളംബിയയിലെ ഏറ്റവും വലിയ ഗറില്ല വിഭാഗമായ നാഷണൽ ലിബറേഷൻ ആർമിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. വിമാനത്തിനായി തിരച്ചിൽ നടത്താനും മൃതദേഹങ്ങൾ വീണ്ടെടുക്കാനും സർക്കാർ വ്യോമസേനയെ വിന്യസിച്ചു.
ഒരു നിയമസഭാ സാമാജികനും ഒരു നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയും വിമാനത്തിൽ യാത്രചെയ്‌തിരുന്നെന്ന് റിപ്പോർട്ടുണ്ട്. കൊളംബിയ ചേംബർ ഓഫ് ഡെപ്യൂട്ടീസ് അംഗം ഡിയോജൻസ് ക്വിന്ററോയും വിമാനത്തിൽ യാത്രചെയ്തിരുന്നതായാണ് വിവരം.




