Uncategorized

അധികാരത്തിന്റെ കരുത്തിൽ അനധികൃത സ്വത്ത് സമ്പാദിക്കുന്നു; പുറത്തുവരുന്നത് സിപിഐഎമ്മിലെ ജീർണ്ണത: വി ഡി സതീശൻ

തിരുവനന്തപുരം: ഭരണത്തിന്റെ മറവില്‍ സിപിഐഎം നടത്തുന്ന അഴിമതികളുടെ വിവരങ്ങളാണ് പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അധികാരത്തിന്റെ കരുത്തില്‍ പാർട്ടി അനധികൃത സ്വത്ത് സമ്പാദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കൊളളയിലെ പ്രതികളായ നേതാക്കള്‍ക്കെതിരെ നടപടിയില്ല. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞ നേതാവിനെ പുറത്താക്കിയിരിക്കുന്നു. സിപിഐഎമ്മിലെ ജീര്‍ണ്ണതയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പയ്യന്നൂര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎമ്മുകാര്‍ മര്‍ദ്ദിച്ചു. കുറുവടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പൊലീസ് ജീപ്പിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞവര്‍ക്ക് സംരക്ഷണമൊരുക്കി. ആഭ്യന്തര മന്ത്രി പദവിയില്‍ തുടരാന്‍ പിണറായി വിജയന് യാതൊരു അർഹതയുമില്ല. ടി പി ചന്ദ്രശേഖരന്റെ അതേ സാഹചര്യമാണ് കുഞ്ഞികൃഷ്ണനും നേരിടുന്നത്. കുഞ്ഞികൃഷ്ണന്‍ പുറത്ത് പറഞ്ഞത് ഗുരുതരമായ ക്രമക്കേടാണ്. കോണ്‍ഗ്രസുകാരെ ആക്രമിച്ച വിഷയം സഭയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ല. സിപിഐഎം പ്രതിരോധത്തിലാകുന്ന വിഷയം സഭയില്‍ കൊണ്ടുവരാന്‍ സമ്മതിക്കുന്നില്ല. സ്പീക്കര്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം, പൊതുസമൂഹത്തില്‍ നിന്ന് പിരിച്ചെടുത്ത ഫണ്ടാണെന്നും അതിന്റെ കണക്ക് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ടെന്നും കെ കെ രമ എംഎല്‍എ പറഞ്ഞു. ന്യായമായ സമരമാണ് പയ്യന്നൂരില്‍ നടന്നത്. സിപിഐഎമ്മില്‍ ഉണ്ടായിരുന്ന കാലത്ത് രക്തസാക്ഷികള്‍ക്കുവേണ്ടി 25 കോടി രൂപ പിരിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ കണക്കൊന്നും അന്ന് കണ്ടിരുന്നില്ല. സമാനമായ വിഷയമാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചത്. കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെയെന്നും അവര്‍ പറഞ്ഞു. ഫണ്ട് തട്ടിപ്പ് പാര്‍ട്ടി വിഷയം മാത്രമായി തള്ളിക്കളയാന്‍ കഴിയില്ലെന്നും ഫണ്ടിന്റെ കണക്ക് പൊതുസമൂഹത്തിന് അറിയണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയില്‍ അനുമതി നൽകിയില്ല. അടിയന്തരപ്രമേയമായി ഉന്നയിക്കേണ്ട വിഷയമായി ഇത് പരിഗണിക്കാനാകില്ലെന്നാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കിയത്. വേണമെങ്കില്‍ വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.

അടിയന്തര പ്രമേയം തള്ളിയതില്‍ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പിന്നാലെ ബഹളം വെച്ചാല്‍ പ്രതിപക്ഷ നേതാവിന് മൈക്ക് നല്‍കാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. അങ്ങനെ പറയേണ്ട കാര്യമില്ലെന്നായിരുന്നു ഇതിനോടുള്ള പ്രതിപക്ഷ നേതാവിന്‍റെ മറുപടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമായി പയ്യന്നൂരില്‍ മര്‍ദ്ദനമേറ്റെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയം തന്നെയാണ് അതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button