കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റല്‍ ഹോസ്റ്റലില്‍ ലഭിക്കുന്നത് മലിനജലം? നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; മുഖ്യമന്ത്രിക്ക് പരാതിയുമായി രക്ഷിതാക്കള്‍

കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റല്‍ ഹോസ്റ്റലിലെ നിരവധി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലിലെ മലിനജലം കുടിച്ചാണ് ശാരീരിക പ്രശ്‌നങ്ങളുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ഇരുനൂറിലധികം നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഗംഗ ആശുപത്രിയുടെ ഹോസ്റ്റലില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപെട്ടതായാണ് ആരോപണം. ഇന്നലെ രാത്രിയില്‍ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇന്നു രാവിലെയും പലരെയും ആശുപത്രിയിലെത്തിച്ച്, തിരികെ ഹോസ്റ്റലിലേയ്ക്ക് വിട്ടു.
ഹോസ്റ്റലിലെ മലിന ജലമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇന്ന് രാവിലെ മുതല്‍ ഹോസ്റ്റലിലെ ജലവിതരണം പൂര്‍ണമായും മാനേജ്‌മെന്റ് നിര്‍ത്തി. ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ പോലും പുറത്തുനിന്ന് വെള്ളം വാങ്ങുകയാണിപ്പോള്‍. ഇക്കാര്യത്തില്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും കൃത്യമായ വിശദീകരണം ഇതുവരെ ഉണ്ടായില്ല.




