Uncategorized

ശ്രീനിവാസന് മരണാനന്തര ബഹുമതിയായി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സ്‌മാരക ട്രസ്റ്റ്‌ പുരസ്കാരം; വിങ്ങിപ്പൊട്ടി വിമല, ചേർത്തുപിടിച്ച് ധ്യാൻ

തൃപ്പൂണിത്തുറ: നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സ്‌മാരക ട്രസ്റ്റ്‌ മരണാനന്തര ബഹുമതിയായി ശ്രീനിവാസന്‌ പ്രഖ്യാപിച്ച പുരസ്‌കാരം നടന്റെ കുടുംബത്തിന് കൈമാറി. ആരോഗ്യമന്ത്രി വീണാ ജോർജിൽ നിന്ന് ശ്രീനിവാസന്റെ ഭാര്യ വിമലയും മകൻ ധ്യാൻ ശ്രീനിവാസനും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. 2025 ഡിസംബർ 20ന് ശ്രീനിവാസൻ അന്തരിച്ചതിന് ശേഷം കുടുംബം പങ്കെടുത്ത ആദ്യത്തെ പ്രധാന പൊതുചടങ്ങുകളിൽ ഒന്നായിരുന്നുവിത്.

അവാർഡ് ഏറ്റുവാങ്ങിയ വിമല, ശ്രീനിവാസന്റെ ഓർമകളിൽ വിങ്ങിപ്പൊട്ടി. സങ്കടം നിയന്ത്രിക്കാനാകാതെ കരഞ്ഞ അമ്മയെ മകൻ ധ്യാൻ നെഞ്ചോട് ചേർത്തുപിടിച്ചു. ആരോഗ്യമന്ത്രിയും വിമലയെ ആശ്വസിപ്പിച്ചു. ശ്രീനിവാസന്റെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

കൈതപ്രം ദാമോദരൻ നമ്പൂതിരി ആയിരുന്നു ചടങ്ങിൽ അധ്യക്ഷൻ.ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയുടെ മക്കളായ ജസ്‌റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണ‌നും ഭവദാസൻ നമ്പൂതിരിയും സംവിധായകൻ സത്യൻ അന്തിക്കാട്, ഹൈബി ഈഡൻ എംപി, ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയർമാൻ കെ.എസ്. അരുൺകുമാർ, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജൂബൻ ജോൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button