Uncategorized

നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ചു; കുഞ്ഞിനെ കണ്ടത് കട ഉടമ: തണുത്തുവിറച്ചൊരു കുഞ്ഞിക്കരച്ചിൽ

തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ നാലുമണിയോടെ കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉടമ ജയരാജൻ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ തിരുവല്ല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കടയുടെ പിന്നിലുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. പുലർച്ചെ കട തുറക്കാനായി ലൈറ്റിട്ടപ്പോൾ കുഞ്ഞിനെ കണ്ട ജയരാജൻ ഭാര്യ ഇന്ദുവിനോട് വിവരം പറഞ്ഞു. സമീപവാസിയെയും അറിയിച്ചു. തുടർന്നാണ് പൊലീസെത്തിയത്. കുഞ്ഞിനെ തട്ടുകടയുടെ വാതിൽക്കലാണ് ഉപേക്ഷിച്ചത്. കുഞ്ഞ് വല്ലാതെ തണുത്തു വിറക്കുന്നുണ്ടായിരുന്നു. ഉടൻതന്നെ തുണി കൊണ്ട് പുതപ്പിച്ചതായി ഇന്ദു പറഞ്ഞു. പ്രദേശത്ത് തെരുവുനായ ശല്യമടക്കമുളളതാണ്. ഭാഗ്യം കൊണ്ടാണ് അവ ആക്രമിക്കാതിരുന്നത്. കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇത് ചെയ്തവരെ കണ്ടെത്തണമെന്നും ഇന്ദു പറഞ്ഞു.
പുലർച്ചെ രണ്ടുമണിയോടെ ഒരു ബൈക്ക് തട്ടുകടയ്ക്ക് സമീപമെത്തി അൽപ സമയത്തിനുശേഷം മടങ്ങിപ്പോയതായി പ്രദേശവാസികൾ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചു.

കുഞ്ഞിനെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ കത്ത് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button