‘സ്കൂളിലേക്ക് വരില്ല, നടുവേദനയാണേ…’, വീട്ടിലിരുന്ന് അവർ പരീക്ഷയെഴുതി .

പാലക്കാട്: “പേന പിടിക്കുമ്പോ കൈവിറയ്ക്കും, ഇനിയിപ്പോ ഇതൊക്കെ വേണോ എന്ന് വിചാരിച്ചതാ… അക്ഷരം എഴുതിയപ്പോ നല്ല സന്തോഷം”-സാക്ഷരത പരീക്ഷയെഴുതിയതിന്റെ സന്തോഷത്തിലാണ് കൊട്ടേക്കാട് ആനപ്പാറ മൊളിയിൽ വീട്ടിലെ ലക്ഷ്മി അമ്മ(78).
81 വയസ്സുള്ള ഭർത്താവ് മണിയോടൊപ്പം വീട്ടിലിരുന്നാണ് ലക്ഷ്മി പരീക്ഷ എഴുതിയത്. പരീക്ഷയുടെ കാര്യം പറഞ്ഞപ്പോൾ രണ്ടുപേർക്കും ഒരൊറ്റ നിർബന്ധന മാത്രം. പരീക്ഷയെഴുതാൻ സ്കൂളിലേക്ക് വരില്ല. നടുവേദനയാണേ… വീട്ടിലിരുന്ന് പരീക്ഷയെഴുതാമെന്ന് വാർഡിലെ സാക്ഷരത പ്രേരക് ജയന്തി വാക്കുകൊടുത്തു. പിന്നലെ വീട്ടിൽ പേരക്കുട്ടികളായ റിതുൽ രമേഷിന്റെയും റിജുൽ രമേഷിന്റെയും മേൽനോട്ടത്തിൽ പരിശീലന ക്ലാസുകളായി.
ഒടുവിൽ ഞായറാഴ്ച വൈകീട്ട് നാലോടെ സാക്ഷരത മിഷൻ ജില്ലാ കോഡിനേറ്റർ സജി തോമസ്, അസിസ്റ്റന്റ് കോഡിനേറ്റർ പി.വി. പാർവതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആനപ്പാറയിലെ വീട്ടിലെത്തിയാണ് മണിയെയും ഭാര്യ ലക്ഷ്മിയേയും പരീക്ഷ എഴുതിപ്പിച്ചത്. ജില്ലയിലെ പ്രായംകൂടിയ സാക്ഷരതാ വിദ്യാർഥികളാണ് ഇരുവരും.
വിവരമറിഞ്ഞപ്പോൾ ജില്ലാതല സന്ദർശനത്തിനെത്തിയ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ രശ്മി അനിലും മണിയുടെ വീട്ടിലെത്തി. ഇതോടെ വീട്ടുകാരും ഉദ്യോഗസ്ഥരുമൊക്കെയായി ഉത്സാഹത്തോടെയാണ് ഇരുവരും അക്ഷരമെഴുതിത്തുടങ്ങിയത്.




