കിളിമാനൂര്‍ വാഹനാപകടം: ജീപ്പ് ഓടിച്ചത് ഉടമ വിഷ്ണു തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍

തിരുവനന്തപുരം: കിളിമാനൂര്‍ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജീപ്പ് ഓടിച്ചത് ഉടമ വിഷ്ണു തന്നെയെന്ന് പൊലീസ് കണ്ടെത്തി. അപകടസമയത്ത് വിഷ്ണു മദ്യലഹരിയിലായിരുന്നു. സുഹൃത്ത് സജിനെ കഴക്കൂട്ടത്ത് ഇറക്കി മടങ്ങവേയാണ് അപകടമുണ്ടായത്. കഴക്കൂട്ടം മുതലാണ് വിഷ്ണു ജീപ്പ് ഓടിക്കാന്‍ തുടങ്ങിയത്. വിഷ്ണുവിനെ നാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
കഴിഞ്ഞ ദിവസമാണ് വിഷ്ണു പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി സ്ക്വോഡാണ് പ്രതിയെ പിടികൂടിയത്. വാഹനം ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു വിഷ്ണു.
അതേസമയം വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് നടപടി. എസ്എച്ച്ഒ ബി ജയന്‍, എസ്‌ഐ അരുണ്‍, ജിഎസ്‌ഐ ഷജിം എന്നിവര്‍ക്ക് എതിരെയാണ് നടപടി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായെന്നും അപകടത്തിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
സാക്ഷി മൊഴിയടക്കം രേഖപ്പെടുത്തുന്നതില്‍ വീഴ്ച്ച പറ്റിയെന്നാണ് കണ്ടെത്തല്‍. ദക്ഷിണ മേഖലാ ഐജിയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. തിരുവനന്തപുരം റൂറല്‍ എഎസ്പിയ്ക്കാണ് അന്വേഷണ ചുമതല.
ജനുവരി നാലിനായിരുന്നു അപകടം. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിക്കുന്നത്. പെയിന്റിങ് തൊഴിലാളിയായ രഞ്ജിത്തും ഭാര്യയും കിളിമാനൂരില്‍നിന്ന് പുതുക്കോട്ടയിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ അമിത വേഗതയിലെത്തിയ ജീപ്പ് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പിലുണ്ടായിരുന്നവരെ നാട്ടുകാര്‍ തടഞ്ഞു. മദ്യ ലഹരിയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചെങ്കിലും ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ജീപ്പില്‍നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റേത് ഉള്‍പ്പെടെ രണ്ടുപേരുടെ ഐഡി കാര്‍ഡും കണ്ടെത്തിയിരുന്നു. അപകടത്തില്‍ തകരാറിലായ മഹീന്ദ്ര ഥാര്‍ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ ഇതിന് ആരോ തീയിട്ടു. ഇത് തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നായിരുന്നു ആരോപണം. രഞ്ജിത്തിനും അംബികയ്ക്കും ആറും ഒന്നരയും വയസുള്ള രണ്ട് കുട്ടികളാണുള്ളത്.




