സഹപ്രവർത്തകയ്ക്കൊപ്പം അശ്ലീല രംഗം; കർണാടക ഡിജിപി രാമചന്ദ്ര റാവുവിന് സസ്പെൻഷൻ, വിരമിക്കാൻ 4 മാസം മാത്രം ബാക്കി

ബെംഗളൂരു∙ കര്‍ണാടക പൊലീസിന് നാണക്കേടായ ഡിജിപിയുടെ അശ്ലീല ദൃശ്യ വിവാദത്തിൽ നടപടിയുമായി സർക്കാർ. സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സസ്പെൻഡ് ചെയ്തു. ഓഫിസിലെത്തിയ സഹപ്രവർത്തകയെ ചുംബിക്കുന്നതിന്റെയും കെട്ടിപ്പിടിക്കുന്നതിന്റെയും ഒന്നിലധികം ഒളിക്യാമറ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച സിദ്ധരാമയ്യ സർക്കാർ, രാമചന്ദ്രറാവുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. വിരമിക്കാൻ 4 മാസം മാത്രം ബാക്കി നിൽക്കെയാണ് കെ.രാമചന്ദ്രറാവുവിനെതിരെ നടപടി എടുത്തത്.
അതേസമയം എട്ട് വർഷം മുൻപത്തെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് സൂചന. ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ സഹപ്രവർത്തകയെ ഡിജിപി ചുംബിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഓഫിസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഡിജിപി രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ വീട്ടിലെത്തിയെങ്കിലും ഡിജിപിയെ കാണാന്‍ മന്ത്രി തയാറായില്ല.
1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനായ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകള്‍ രന്യ റാവുവിനെ 2025 ല്‍ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനോട് നിര്‍ബന്ധിത അവധിയെടുക്കാൻ നിർദേശിച്ചു. അവധി പൂർത്തിയാക്കി അടുത്തിടെയാണ് രാമചന്ദ്ര റാവു സര്‍വീസില്‍ തിരിച്ചെത്തിയത്.




