വർഗീയതയോട് വിട്ടുവീഴ്ചയില്ല, കള്ളപ്രചാരണങ്ങൾ കൊണ്ട് സിപിഐഎമ്മിനെ തകർക്കാനാവില്ല: എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ നിലപാടുകൾ സ്വീകരിക്കുന്ന ഒരാളോടും സി.പി.ഐ.എമ്മിന് യോജിപ്പില്ലെന്നും വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന പാർട്ടിയാണ് തങ്ങളെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. സി.പി.ഐ.എമ്മിനെ തകർക്കാൻ ലക്ഷ്യമിട്ട് ഇപ്പോൾ നടക്കുന്നത് ബോധപൂർവ്വമായ കള്ളപ്രചാരണങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വർഗീയതയ്‌ക്കെതിരെ ഏറ്റവും കരുത്തുറ്റ നിലപാട് സ്വീകരിക്കുന്നത് സി.പി.ഐ.എമ്മാണ്. അത് തകർക്കാൻ പല കേന്ദ്രങ്ങളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത്തരം കള്ളപ്രചാരണങ്ങൾ കൊണ്ട് പാർട്ടിയെ തളർത്താമെന്ന് ആരും മോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ ഭാഷയിലാണ് ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചത്. “ജമാഅത്തെ ഇസ്‌ലാമിയുമായി കൈകോർക്കുന്നതിൽ വി.ഡി. സതീശന് യാതൊരു മടിയുമില്ല. വർഗീയ ശക്തികളുമായി കൂട്ടുകൂടി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്കരിക്കാൻ മടിയില്ലാത്ത ആളാണ് സതീശൻ എം.വി. ഗോവിന്ദൻ ആരോപിച്ചു.




