Uncategorized

മൂന്നാറിൽ ടൂറിസ്റ്റുകളെ ആക്രമിക്കുന്നത് പതിവാകുന്നു, പലരും സന്ദർശനം ഒഴിവാക്കുന്നു, വൻ തിരിച്ചടി

മൂന്നാർ: വിനോദസഞ്ചാരികൾക്ക് നേരേയുള്ള ആക്രമണം മൂന്നാർ മേഖലയിൽ പതിവാകുന്നു. അക്രമികൾക്കെതിരേ പോലീസ് കർശന നടപടി സ്വീകരിച്ചിട്ടും നിയമ ലംഘനങ്ങൾ തുടരുകയാണ്. നിസ്സാര കാര്യങ്ങളെച്ചൊല്ലിയുണ്ടാകുന്ന തർക്കമാണ് പിന്നീട് വലിയ ആക്രമണത്തിൽ കലാശിക്കുന്നത്. സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ദിവസേന മൂന്നാറിലെത്തുന്നുണ്ട്. എന്നാൽ, ആക്രമണം പതിവാകുന്നതോടെ സഞ്ചാരികളിൽ പലരും മൂന്നാർ സന്ദർശനം ഒഴിവാക്കുകയാണ്. ഇത് മേഖലയ്ക്ക് വൻ തിരിച്ചടിയാണ്.

ജീപ്പിന്റെ ബോണറ്റിൽ ഇരുന്ന് ചിത്രം പകർത്തിയതിനാണ് ഞായറാഴ്ച വൈകീട്ട് പള്ളിവാസൽ രണ്ടാംമൈലിൽ സഞ്ചാരികൾക്ക് നേരേ ആക്രമണമുണ്ടായത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളാണ് ആക്രമണത്തിനിരയായത്. പ്രദേശത്തെ ടാക്സി ഡ്രൈവർമാരും ടൂറിസ്റ്റ് ഗൈഡുകളും ചേർന്നാണ് ആക്രമണം നടത്തിയത്.ഇതേത്തുടർന്ന് ആറുപേർക്ക് പരിക്കേറ്റിരുന്നു. സഞ്ചാരികളുടെ ഏഴുപവൻ സ്വർണവും നഷ്ട്‌ടപ്പെട്ടു. സംഭവത്തിൽ ആനച്ചാൽ ശങ്കുപടി സ്വദേശി ഷിയാസിനെ വെള്ളത്തൂവൽ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

കല്ലുകൊണ്ട് തലയ്ക്കടി

 

4G+

 

2025 ഒക്ടോബറിൽ മൂന്നുതവണ പ്രദേശത്ത് സഞ്ചാരികൾക്കുനേരേ ആക്രമണമുണ്ടായി. പള്ളിവാസൽ ആറ്റുകാട് ഭാഗത്തുവെച്ച് വാഹനങ്ങൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമായിരുന്നു കാരണം. പള്ളിവാസൽ ഫാക്‌ടറി ഡിവിഷൻ സ്വദേശികളായ മൂന്നുപേർ ചേർന്ന് വാഹനം തടഞ്ഞ് തമിഴ്നാട് തിരിച്ചിറപ്പള്ളി സ്വദേശികളായ രണ്ടുവിദ്യാർഥികളെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

മൂന്നാർ പോലീസ് പ്രതികളെ പിടികൂടി കൊലപാതകശ്രമക്കുറ്റം ചുമത്തി റിമാൻഡ് ചെയ്തിരുന്നു. നേരത്തെ ടോപ്പ്സ്റ്റേഷനിൽ മിനി വാനിലെത്തിയ കൊല്ലം സ്വദേശികളായ സഞ്ചാരികൾക്ക് നേരേ ആക്രമണമുണ്ടായി. ഇവർ പാതയോരത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചേർന്നാണ് സഞ്ചാരികളെ മർദിച്ചത്. മരക്കൊമ്പുകൾ ഉപയോഗിച്ച് സഞ്ചാരികളെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തു.

രാത്രിയിൽ മുറിയന്വേഷിച്ച് മൂന്നാർ ടൗണിലെത്തിയ കുടുംബത്തിന് നേരേയും നേരത്തെ ആക്രമണമുണ്ടായി. ടൗണിലെ ടൂറിസ്റ്റ് ഗൈഡ് മുറി നൽകാമെന്ന് പറഞ്ഞ് ഇവരെ മൂന്നാർ നഗറിലേക്ക് കൊണ്ടുപോയി. എന്നാൽ, ദൂരക്കൂടുതൽ കാരണം ഇവർ മുറിയെടുക്കാൻ തയ്യാറായില്ല. ഇതിന്റെ വൈരത്തിൽ ഒരുകൂട്ടം യുവാക്കൾ ഇവരുടെ വാഹനം തടഞ്ഞ് വഴിയോരക്കടയിലെ കസേര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

 

ആക്രമണങ്ങൾക്കെതിരേ വിനോദസഞ്ചാര മേഖലയിൽ പ്രതിഷേധമുയരുന്നുണ്ട്. വ്യാപാരികളും ഹോട്ടൽ, റിസോർട്ട് മേഖലയിലുള്ളവരുമാണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. തുടർച്ചയായ ആക്രമണങ്ങൾ വിനോദസഞ്ചാരമേഖലയെ തകർക്കുമെന്നതാണ് പ്രതിഷേധമുയരാൻ കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button