‘ഞങ്ങളെ ഹോസ്റ്റലിലേക്ക് കയറാൻ അനുവദിച്ചില്ല; മകൾ ജീവനൊടുക്കില്ല’; സായിയിൽ മരിച്ച വിദ്യാർത്ഥിനിയുടെ പിതാവ്

കൊല്ലം: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഹോസ്റ്റലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ കുടുംബം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ സംശയമുണ്ടെന്നും പിതാവ് ആരോപിച്ചു.
തങ്ങള്‍ ചെല്ലുമ്പോഴും ഹോസ്റ്റലിലേക്ക് കയറാന്‍ അനുവദിച്ചിരുന്നില്ല. പ്രശ്‌നം ഉണ്ടാക്കിയപ്പോഴാണ് കാണാന്‍പോലും അനുവദിച്ചത്. ഒരു മണിക്കോറോളം നിന്നു. കുട്ടിക്കെന്ത് സംഭവിച്ചുവെന്ന് പറഞ്ഞില്ലെന്നും പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഹോസ്റ്റലിനെതിരെ ആരോപണങ്ങളുമായി മുന്‍ വിദ്യാര്‍ത്ഥിനിയും രംഗത്തെത്തി. ജയില്‍ പോലുള്ള അന്തരീക്ഷവും പൊതുവായ അപമാനവും മാനസിക പീഡനവുമാണ് അവിടെയെന്ന് 19 കാരിയായ കോഴിക്കോട് സ്വദേശിനി ആരോപിച്ചു.നല്ല രീതിയില്‍ ഹരാസ് ചെയ്യുമായിരുന്നു. നമ്മളൊരു കാര്യം പറഞ്ഞാലത് കേള്‍ക്കാന്‍പോലും ആരുമില്ല. റൂമില്‍ തന്നെ ഇരിക്കണം. പുറത്തുപോയാല്‍ ആണ്‍കുട്ടികളെ നോക്കിയെന്നൊക്കെ പറഞ്ഞ് വാര്‍ഡന്‍ പ്രശ്‌നമുണ്ടാക്കും. അവര്‍ വീട്ടില്‍ വിളിച്ച് അച്ഛനോട് പറഞ്ഞ് വലിയ പ്രശ്‌നമുണ്ടാക്കി. 2023-24ല്‍ തന്റെ പഠനം നശിപ്പിച്ചു. തന്റെ ഹോക്കിയിലെ ലൈഫ് പോലും നിന്നു. നേരത്തെ കല്യാണം കഴിക്കേണ്ടി വന്നതുപോലും അതുകൊണ്ടാണ്. വീട്ടിലാരും സപ്പോര്‍ട്ട് ചെയ്തില്ല. അവര്‍ വിളിച്ച് അനാവശ്യകാര്യങ്ങള്‍ പറഞ്ഞതുകൊണ്ടാണ് ഇങ്ങനെയൊക്കെയായതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.




