പള്ളി മുഖവാരത്തിൽ നിന്ന് താഴെ വീണ് ഭിത്തിക്കിടയിൽ കുടുങ്ങിപ്പോയ യുവാവിനെ അഗ്നിശമനസേന രക്ഷിച്ചു

ഉളിക്കൽ : പള്ളി മുഖവാരത്തിൽ നിന്ന് താഴെ വീണ യുവാവ് പരുക്കുകളോടെ രക്ഷപ്പെട്ടു. പുറവയൽ സെന്റ് ജോർജ്ജ് പള്ളി തിരുനാളിനായി ലൈറ്റുകൾ ഘടിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. 20 അടിയോളം ഉയരമുള്ള മുഖവാരത്തിൽ കയറിയ ഇലക്ട്രിഷ്യൻ ഉളിക്കൽ സെൻ്റ്മേരാസ് ബൈജു (35 )വാണ് തലകറങ്ങി താഴെ വീണത്. വീഴ്‌ചയിൽ പള്ളിമേൽക്കൂരയുടെ ഭിത്തിക്കിടയിൽ കുടുങ്ങിക്കിടന്ന ബൈജുവിനെ സ്‌ഥലച്ച് ഉണ്ടായിരുന്നവർ ഏറെ ശ്രമിച്ചിട്ടും താഴെ ഇറക്കാൻ കഴിയാതെ വന്നതോടെ ഇരിട്ടി അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമനസേനയും ഉളിക്കൽ എസ്ഐ വി.ജെ. ഡോളിയുടെ നേതൃത്വത്തിലുള്ള പോലീസും ഏറെ നേരത്തെ ശ്രമത്തിന് ഒടുവിൽ യുവാവിനെ താഴെയിറക്കി ആശുപത്രിയിലേക്ക് മാറ്റി. ഇരിട്ടി ഫയർ സ്‌റ്റേഷൻ ഓഫിസർ സുമേഷ് ലാൽ, എൻ.ജെ. അനു, രമേശൻ, രാധാകൃഷ്‌ണൻ, ആഷിഖ്, ഷാനിഫ്, പി.കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ രക്ഷപ്പെടുത്തി കാലിനും കൈക്കും പരുക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.




