പത്മകുമാറിനെതിരെ പാർട്ടി നടപടിയെടുത്തില്ലല്ലോ സഖാവെ? ഭവനസന്ദർശനത്തില്‍ പറയേണ്ട മറുപടിയുമായി CPIM

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാന്‍ ആരംഭിച്ച ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ ശബരിമലയുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ നല്‍കേണ്ട മറുപടി മുന്‍കൂട്ടി തയ്യാറാക്കി സിപിഐഎം. ശബരിമലക്കേസ് ഹൈക്കോടതിയില്‍ വന്ന സന്ദര്‍ഭത്തില്‍തന്നെ കോടതി മേല്‍നോട്ടത്തില് പൊലീസിന്റെ പ്രത്യേക ടീം അന്വേഷിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും ടീം അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് മുതല്‍ അന്വേഷണ പുരോഗതി വിലയിരുത്തുന്നത് വരെ കോടതിയാണ് ചെയ്യുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിട്ടുണ്ടെന്ന് സിപിഐഎം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാന്‍ പാടില്ലെന്ന സമീപനമാണ് സര്‍ക്കാരിന്റേത്. സ്വര്‍ണം മോഷ്ടിച്ചയാള്‍ മുതല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെയും തന്ത്രിയെയും വരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിപിഐഎം കുറിപ്പില്‍ പറയുന്നു.




