Uncategorized

മദ്യപന്‍മാരുടെ ‘പോക്കറ്റടിക്കാന്‍’ ബവ്കോ; പ്ലാസ്റ്റിക് കുപ്പിക്ക് പണം സ്കാന്‍ ചെയ്ത് ഉറപ്പാക്കിയ ശേഷം

പ്ലാസ്റ്റിക് മദ്യക്കുപ്പികൾക്ക് ഇരുപത് രൂപ ഡെപ്പോസിറ്റ് ഈടാക്കുന്ന പദ്ധതി ഉപഭോക്താക്കളെ കൂടുതൽ പിഴിയുന്ന മട്ടിലേക്ക് മാറ്റാൻ ആലോചനയുമായി ബവ്കോ. സ്റ്റിക്കർ ഒട്ടിച്ച കുപ്പി എത്ര ദിവസം കഴിഞ്ഞാലും വാങ്ങിയ കടയിൽ എത്തിച്ചാൽ പണം തിരികെ കിട്ടുന്ന നിലവിലെ രീതി മാറ്റി, സ്കാൻ ചെയ്ത് ഉറപ്പാക്കിയാൽ മാത്രമേ പണം ലഭിക്കൂവെന്നാക്കാനാണ് തീരുമാനം. സ്റ്റിക്കറിലെ ബാർ കോഡ് തെളിയാതിരിക്കുകയും പതിനഞ്ച് ദിവസത്തിനുള്ളിൽ കുപ്പി തിരികെ നൽകിയില്ലെങ്കിലും പണം ബവ്കോയ്ക്ക് സ്വന്തമാകും.

മദ്യം വിൽക്കുമ്പോൾ ബോട്ടിലിന്‍റെ മുകൾ ഭാഗത്തെ സ്റ്റിക്കർ സ്കാൻ ചെയ്യും. കുപ്പി തിരികെ കൊണ്ടുവരുമ്പോൾ ഇതേ സ്റ്റിക്കർ അടയാളം തെളിഞ്ഞില്ലെങ്കിൽ പണം കിട്ടില്ലെന്നത് ഉപഭോക്താക്കള്‍ക്ക് പ്രതിസന്ധിയാകും. അടപ്പ് തുറക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 20 രൂപയുടെ കാര്യം മറന്നേക്കണമെന്ന് ചുരുക്കം. പരീക്ഷണാടിസ്ഥാനത്തിൽ സ്കാനർ ഉപയോഗിച്ച് തുടങ്ങിയ ഷോപ്പുകളിൽ മദ്യവിതരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് പ്രയാസമുണ്ട്.

20 രൂപ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നത് കരാർ കമ്പനിയുമായുള്ള ധാരണ വൈകുന്നതിനാൽ താൽക്കാലികമായി നീട്ടിയിരിക്കുകയാണ്. മേനോൻപാറ പ്ലാന്‍റില്‍ നിന്നും സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്കുള്ള പേരിടൽ ചടങ്ങും വിമർശനങ്ങളെ തുടർന്ന് നീളുന്ന ഘട്ടത്തിൽ തിരഞ്ഞെടുപ്പ് സാഹചര്യം നോക്കിയാവും ബവ്കോയുടെ പുതിയ പരിഷ്കാരങ്ങൾ യാഥാർഥ്യമാക്കുക. ഇരുപത് രൂപ പദ്ധതി വിപുലമാക്കാൻ തീരുമാനിച്ചെങ്കിലും കിട്ടുന്ന വിഹിതം പങ്കിടുന്നതിൽ കരാർ കമ്പനിയും എക്സൈസ് വകുപ്പും തമ്മിൽ തര്‍ക്കവും തുടരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button