അമ്മ വിദേശത്തേക്ക് പോകുന്നതിന്റെ വിഷമം താങ്ങാനായില്ല; കണ്ണീരായി അയോന

കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടിയതിനെത്തുടർന്ന് മരണത്തിനു കീഴടങ്ങിയ സേക്രട്ട് ഹാർട്ട് സ്കൂൾ വിദ്യാർഥിനി അയോന മോൺസൺ (17) നാലു പേർക്ക് പുതുജീവിതം നൽകും. ഇരു വൃക്കകളും കരളും കണ്ണുകളും ദാനം ചെയ്തു. അവയവങ്ങൾ കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവടങ്ങളിലെ ആശുപത്രികൾക്ക് കൈമാറി.
ഇന്ന് പുലർച്ചെയോടെ അയോണയുടെ വൃക്കകളും, കരളും കണ്ണിലെ കോർണിയയും പുറത്തെടുത്തു. വൃക്കകളിൽ ഒന്ന് കോഴിക്കോട്ടേക്കും, മറ്റൊന്ന് തിരുവനന്തപുരത്തേക്കും, കരൾ കോഴിക്കോട്ടുതന്നെ മറ്റൊരാശുപത്രിയിലും ചികിൽസ തേടുന്നവർക്കായി മാറ്റി. കോർണിയകൾ രണ്ടും തലശേരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
വിമാനമാർഗമാണ് രാവിലെ 10.40 ന് തിരുവനന്തപുരത്തേക്ക് വൃക്കയെത്തിച്ചത്.
പതിനേഴുകാരിയായ അയോണയുടെ മൃതദേഹം നാളെ കണ്ണൂർ തിരൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിലാണ് സംസ്‌കാരിക്കുക. അമ്മ വിദേശത്തേക്ക് പോകുന്നതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പഠനത്തിലുൾപ്പെടെ മികച്ച നിലവാരം പുലർത്തിയിരുന്നുവെന്ന് സ്കൂൾ അധികൃതരും പറഞ്ഞു. പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥിയായിരുന്നു അയോണ.
തിങ്കളാഴ്ചയാണ് സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടിയത് . ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ബോധമുണ്ടായിരുന്നു. പെൺകുട്ടി സംസാരിക്കാൻ തുടങ്ങിയതോടെ പ്രതീക്ഷയിലായിരുന്നു ബന്ധുക്കൾ. എന്നാൽ പിന്നീട് തലച്ചോറിൽ രക്തസ്രാവമുണ്ടാകുകയായിരുന്നു. ഇന്നലെ രാത്രി മസ്‌തിഷ്‌ക മരണം സംഭവിച്ചു. വെന്റിലേറ്റർ സഹായത്തോടെയാണ് ഇത്രയും ദിവസം പിടിച്ചുനിർത്തിയത്.




