Uncategorized

മരിച്ചെന്ന് കരുതി മൂക്കിൽ പഞ്ഞിവച്ചു, കാൽ കൂട്ടിക്കെട്ടി! സംസ്കാരച്ചടങ്ങിനിടെ 103കാരിക്ക് ജീവൻ!

മരിച്ചെന്ന് കരുതി കുടുംബാംഗങ്ങൾ സംസ്കരിക്കാൻ തയാറെടുക്കുന്നതിനിടെ 103 വയസുള്ള മുതുമുത്തശ്ശിക്ക് ജീവൻ തിരികെ കിട്ടി. മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രായാധിക്യത്താൽ രണ്ടുമാസം മുൻപാണ് ഗംഗാബായ് കിടപ്പിലായത്. രണ്ടു ദിവസമായി വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഗംഗാബായി മരിച്ചുവെന്നാണ് സ്‌ഥിരീകരിച്ചത്. ഇതോടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് ഗംഗാബായിയെ കുളിപ്പിച്ചു, സംസ്‌കാര ചടങ്ങിനുള്ള വസ്ത്രവും ധരിപ്പിച്ചു. കൈകൾ തമ്മിലും കാലുകളും കൂട്ടിക്കെട്ടി.

മുതുമുത്തശ്ശി മരിച്ച വിവരം വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി അകലെയുള്ള ബന്ധുക്കളെയും കുടുംബാംഗങ്ങൾ അറിയിച്ചു. മൃതദേഹം സംസ്കരിക്കാൻ ഒരുങ്ങുന്നതിനിടെ കുടുംബാംഗങ്ങളിലൊരാൾ ഗംഗാബായിയുടെ കാൽ വിരൽ അനങ്ങുന്നതായി കണ്ടു. ഇതോടെ ഇയാൾ ഉറക്കെ വിളിച്ചു. ഓടിയെത്തിയ മറ്റുള്ളവർ ഗംഗാബായിയുടെ മൂക്കിൽ വച്ചിരുന്ന പഞ്ഞിഎടുത്ത് മാറ്റിയതും, സ്വാഭാവികമായി ശ്വസിക്കാൻ തുടങ്ങി. ആർക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. മെല്ലെ പന്തൽ അഴിച്ച് ആളുകൾ സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.

ചൊവ്വാഴ്ചയായിരുന്നു ഗംഗാബായിയുടെ 103-ാം പിറന്നാൾ. എന്തായാലും മരണവീട് സന്തോഷ വീടായി മാറിയതിൻ്റെ ആശ്വാസത്തിലാണ് ബന്ധുക്കൾ. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻദൂരെ നിന്നെത്തിയ ബന്ധുക്കളെല്ലാം ചേർന്ന് ഒടുവിൽ ഗംഗാബായിയുടെ പിറന്നാൾ ആഘോഷിച്ച് മടങ്ങി. മകൾക്കൊപ്പമാണ് ഗംഗാബായ് നിലവിൽ താമസിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button