Uncategorized

പാസ് വേർഡ് നൽകിയാൽ അനുകൂലമായ തെളിവുകൾ നശിപ്പിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാമത്തെ ബലാത്സംഗ കേസിൽ അന്വേഷണ സംഘം തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് പൂർത്തിയാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ അതീവ സുരക്ഷയിലാണ് രാഹുലിനെ ഹോട്ടലിലെ 408-ാം നമ്പർ മുറിയിലെത്തിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തന്റെ ഫോണുകളുടെ പാസ്‌വേഡ് നൽകാൻ അദ്ദേഹം വിസമ്മതിച്ചു. പാസ്‌വേഡ് നൽകിയാൽ തനിക്ക് അനുകൂലമായ തെളിവുകൾ പോലീസ് നശിപ്പിക്കുമെന്നാണ് രാഹുലിന്റെ വാദം. ലാപ്ടോപ്പ് എവിടെയാണെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നൽകിയിട്ടില്ല. എന്നാൽ, ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുമെന്നും എസ്.ഐ.ടി അറിയിച്ചു.

2024 ഏപ്രിൽ എട്ടിന് പരാതിക്കാരിക്കൊപ്പം ഹോട്ടൽ മുറിയിൽ എത്തിയ കാര്യം രാഹുൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ അവിടെ വെച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും പീഡിപ്പിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ മൊഴി. പീഡന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ രാഹുൽ ചിരി മാത്രമായിരുന്നു മറുപടിയായി നൽകിയത്.

കേസിലെ പരാതിക്കാരി നിലവിൽ വിദേശത്താണ്. അതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വീഡിയോ കോൾ വഴി ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ എസ്.ഐ.ടി തീരുമാനിച്ചു. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ഇമെയിൽ വഴി ലഭിച്ച പരാതിയിൽ നിയമസാധുതയില്ലെന്ന പ്രതിഭാഗം വാദത്തെ എസ്.ഐ.ടി കോടതിയിൽ എതിർത്തു. പരാതിക്കൊപ്പം അതിജീവിതയുടെ ഒപ്പുള്ളതിനാൽ കേസ് എടുക്കുന്നതിൽ നിയമതടസ്സമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

മകരവിളക്ക് പ്രമാണിച്ചുള്ള തിരക്ക് കാരണം മറ്റ് സ്ഥലങ്ങളിലെ തെളിവെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. നിലവിൽ എ.ആർ ക്യാമ്പിലുള്ള രാഹുലിനെ പ്രത്യേക ചോദ്യാവലി ഉപയോഗിച്ച് ചോദ്യം ചെയ്തു വരികയാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ രാഹുലിനെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. അതിജീവിത നേരിട്ട് തെളിവുകൾ ഹാജരാക്കിയ സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് എസ്.ഐ.ടി ഈ കേസിനെ സമീപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button