പിതാവിന്റെ കുടുംബപെൻഷനുവേണ്ടി യുവതി പോരാടിയത് 17 വർഷം

നിലമ്പൂർ: പിതാവിൻ്റെ കുടുംബപെൻഷൻ നേടിയെടുക്കുന്നതിന് ജിജി എന്ന ആദിവാസി യുവതി പോരാട്ടം നടത്തിയത് 17 വർഷം. അറിവില്ലായ്മകൊണ്ടും അശ്രദ്ധകൊണ്ടും വകുപ്പിന്റെ അനാസ്ഥകൊണ്ടും നഷ്‌ടപ്പെടുമായിരുന്ന പെൻഷനാണ് സെൻട്രൽ ഗവൺമെന്റ്റ് പെൻഷനേഴ്സ് അസോസിയേഷൻ്റെ(സിജിപിഎ)കൂടി ഇടപെടലിലൂടെ പൂക്കോട്ടുംപാടം ചേലോട് മണ്ണാത്തിപ്പൊയിലിൽ ചെറുപുള്ളിയിൽ വീട്ടിൽ ജിജിക്ക് കിട്ടിയത്.
നിലമ്പൂർ പോസ്റ്റ് ഓഫീസിൽനിന്നാണ് ജിജിയുടെ പിതാവ് സി.പി. രാമചന്ദ്രൻ പോസ്റ്റ്മാനായി വിരമിച്ചത്. 2002-ൽ അദ്ദേഹം മരിച്ചു. അതിനുമുൻപുതന്നെ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. അതോടെ കുടുംബപെൻഷൻ ഇല്ലാതായി. ഇവർക്ക് ആറുമക്കളാണ്. അതിൽ മൂന്നുപേർ മരിച്ചു. ജിജി, സഹോദരൻ ശ്രീനിവാസൻ, അമ്പിളി എന്നിവരാണ് മറ്റുമക്കൾ. അവിവാഹിതരോ വിധവകളോ ആയ പെൺമക്കൾക്ക് അച്ഛന്റെ ആശ്രിതപെൻഷന് അർഹതയുണ്ടായിരുന്നു. അതനുസരിച്ച് ഇളയ മകളായ അമ്പിളി കുടുംബപെൻഷന് അപേക്ഷിക്കുകയും ലഭിക്കുകയുംചെയ്തു.
അന്നത്തെ നിയമമനുസരിച്ച് 25 വയസ്സുവരെയായിരുന്നു പെൻഷൻ ലഭിക്കുക. അതനുസരിച്ച് അമ്പിളിയുടെ പെൻഷൻ 2005 ഏപ്രിലിൽ അവസാനിച്ചു. പിന്നീടുവന്ന നിയമപ്രകാരം പെൺമക്കൾക്ക് മരണംവരെയോ പുനർവിവാഹംവരെയോ പെൻഷൻ കൊടുക്കാമെന്നായി. അപ്പോഴേക്കും അമ്പിളി വിവാഹിതയായിരുന്നു.
ഈ സാഹചര്യത്തിലാണ് ജിജി 2008-ൽ പെൻഷന് അപേക്ഷിച്ചത്. അവകാശ സർട്ടിഫിക്കറ്റ്, മറ്റു മക്കളുടെ നിരാക്ഷേപപത്രം, അവിവാഹിതയാണെന്നതടക്കമുള്ള സർട്ടിഫിക്കറ്റുകൾ മേലധികാരികൾക്ക് പലപ്പോഴായി സമർപ്പിച്ചു. പിന്നീട് വകുപ്പിൽനിന്ന് പലപ്പോഴായി വിവിധ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുകയും അവയെല്ലാംതന്നെ നൽകുകയുംചെയ്തു.
എന്നാൽ പെൻഷൻ അനുവദിച്ചില്ല. പട്ടികവർഗവിഭാഗത്തിലെ പണിയ സമുദായത്തിൽപെടുന്ന ജിജി പെൻഷൻ ലഭിക്കാനായി ഓഫീസുകൾ കയറിയിറങ്ങി. ജിജിയുടെ നിരന്തര പോരാട്ടത്തിനൊടുവിൽ ഇക്കഴിഞ്ഞ ജനുവരി ആറിന് തപാൽ വകുപ്പിൽനിന്നുള്ള പെൻഷൻ ഉത്തരവ് പുറത്തിറങ്ങി.
28
മാതാപിതാക്കളുടെ മരണശേഷം ജിജി നിലമ്പൂരിൽനിന്ന് താമസം മാറിപ്പോയതിനാൽ പെൻഷൻ സംഘടനയും ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഘടന ഇക്കാര്യമറിഞ്ഞത്. തുടർന്നുള്ള അവരുടെ ഇടപെടലും ജിജിക്ക് പെൻഷൻ ലഭിക്കാൻ സഹായകമായി.




