വനത്തിനുള്ളിൽ വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കി വനം വകുപ്പ്

ആറളം: വേനൽ കടുത്തതോടെ വനത്തിനുള്ളിൽ വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കി വനം വകുപ്പ്.
വനത്തിനുള്ളിലെ നീരൊഴുക്ക് കുറയുന്ന ജലസ്രോതസ്സുകളിൽ ബ്രഷ് വുഡ് ചെക്ക് ഡാം നിർമിച്ചാണ് ആറളം ചിത്രശലഭ സങ്കേതം , കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വനം വകുപ്പ് ജീവനക്കാ വന്യമൃഗങ്ങൾക്ക്ർ കുടിവെള്ളം ലഭ്യമാക്കുന്നത്. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻറെ പത്തിന കർമ്മ പദ്ധതിയിലെ മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ. കാടുകളിൽ സ്വാഭാവികമായി ലഭിക്കുന്ന ഉണങ്ങിയ തടികൾ ചുള്ളിക്കമ്പുകൾ കരിയില മണ്ണ് തുടങ്ങിയ ഉപയോഗിച്ചാണ് ബ്രഷ് വുഡ് ചെക്ക് ഡാം എന്ന താൽക്കാലിക തടയണകൾ നിർമ്മിക്കുന്നത്. ആറളം ചിത്രശലഭ സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വനം വകുപ്പ് ജീവനക്കാർ ഇതുവരെ 25 ഓളം ചെക്ക് ഡാമുകൾ ആണ് ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ളത്. വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കാനുള്ള സ്ഥിരം കുളങ്ങൾക്കും ചെക്ക് ഡാമുകൾക്കും പുറമയാണ് വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി ഇത്തരം താൽക്കാലിക തടയണുകൾ കൂടി നിർമ്മിച്ചുവരുന്നത്. കുടിവെള്ളം ഉറപ്പാക്കുന്നതിനോടൊപ്പം വനത്തിനകത്ത് മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും താൽക്കാലിക തടയണകൾ സഹായിക്കുന്നു. കാട്ടിനകത്ത് തന്നെ കുടിവെള്ളം ലഭ്യമാകാനുള്ള സാധ്യത കൂടുന്നതിനാൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ഒരു പരിധിവരെ കുറക്കാനും കഴിയും. മഴക്കാലം വരുന്നതോടെ നീരുറവകളിലെ ഒഴുക്ക് കൂടുമ്പോൾ ഇത്തരം ചെക്കുഡാമുകൾ തകരുകയും സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുകയും ചെയ്യുന്നു.




