ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു, ലാൻഡ് ക്രൂയിസർ കാർ വിറ്റത് 14 ലക്ഷത്തിന്

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട പരാതിയിൽ ആദ്യ കേസ് രജിസ്റ്റർചെയ്ത് കൊച്ചി സെൻട്രൽ പോലീസ്. ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ലാൻഡ് ക്രൂയിസർ കാർ എന്നുപറഞ്ഞ് പണം തട്ടിയെന്ന പരാതിയിൽ ഡൽഹി സ്വദേശി രോഹിത് ബേദിക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
എറണാകുളം സ്വദേശി മുഹമ്മദ് യഹിയയുടെ പരാതിയിലാണ് കേസ്.
ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ലാൻഡ് ക്രൂയിസർ കാർ ആണെന്ന് പറഞ്ഞാണ് വാഹനം തനിക്ക് വിറ്റത്. 2024-ലാണ് ഇത്തരത്തിൽ കാർ സ്വന്തമാക്കിയത്. ഇതിനായി പതിനാല് ലക്ഷം രൂപയും നൽകിയിരുന്നു. ഹിമാചൽ പ്രദേശ് രജിസ്ട്രേഷനിലുള്ളതാണ് വാഹനം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി ഇറക്കുമതിചെയ്ത വാഹനം നൽകി പണം തട്ടിയതെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ഡൽഹി സ്വദേശിയും വാഹന ഇടപാടുകാരനുമായി രോഹിത് ബേദിക്കെതിരേയാണ് എറണാകുളം സ്വദേശിയായ മുഹമ്മദ് യഹിയയുടെ പരാതി. അതേസമയം, നേരത്തെ കസ്റ്റംസ് നടത്തിയ പരിശോധനയിൽ മുഹമ്മദ് യഹിയയുടെ വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തുടർന്നാണ് ഇയാൾ പരാതിയുമായി ഇപ്പോൾ പോലീസിനെ സമീപിച്ചിരിക്കുന്നത്. പരാതിക്കാരന് വിറ്റത് ഭൂട്ടനിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ കാറാണെന്ന് വ്യക്തമാക്കിയാണ് കൊച്ചി സെൻട്രൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭൂട്ടാനിൽനിന്ന് നിയമ വിരുദ്ധമായി കടത്തിയ ഇരുന്നൂറിലേറെ വാഹനങ്ങൾ കേരളത്തിലെത്തിച്ചിട്ടുണ്ടെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. ഇതിനെ തുടർന്ന് ദുൽഖർ സൽമാൻ, പൃഥിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയ സിനിമാ താരങ്ങളുടേയും പ്രമുഖ വ്യവസായികളുടേതുമടക്കം നിരവധി സ്ഥലങ്ങളിൽ കസ്റ്റംസ് പരിശോധന നടത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കുകയാണ്. നിലവിൽ ഓപ്പറേഷൻ നുംഖേറിന്റെ ഭാഗമായി കേരളത്തിൽ നിന്നും 49 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്.




