ട്രാഫിക് നിയമലംഘകരുടെ സകല വിവരങ്ങളും ഇനി നേരിട്ട് പൊലീസിന്! അത്ഭുത ഹെൽമറ്റുമായി ടെക്കി

ബെംഗളൂരു നഗരത്തിലെ തുടർച്ചയായിട്ടുള്ള ഗതാഗത നിയമലംഘനങ്ങളിൽ പ്രകോപിതനായ ഒരു ടെക്കിയുടെ അമ്പരപ്പിക്കുന്ന കണ്ടുപിടിത്തം വൈറലാകുന്നു. ഗതാഗത നിയമലംഘകരെ തിരിച്ചറിയുകയും തെളിവുകൾ സഹിതമുള്ള ഒരു റിപ്പോർട്ട് പോലീസിന് നേരിട്ട് അയയ്ക്കുകയും ചെയ്യുന്ന എഐയിൽ പ്രവർത്തിക്കുന്ന ഒരു ഹെൽമറ്റാണ് ടെക്കി വികസിപ്പിച്ചിരിക്കുന്നത്.
മണ്ടന്മാരായ ആളുകളെ കണ്ട് മടുത്തു..
പങ്കജ് തൻവാർ എന്ന ഐടി കമ്പനി ജീവനക്കാരനാണ് തന്‍റെ ഹെൽമറ്റിനെ ഒരു ട്രാഫിക് മോണിറ്ററിംഗ് ഉപകരണമാക്കി മാറ്റിയത്. അദ്ദേഹം തന്റെ പരീക്ഷണം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ചു. റോഡിലെ മണ്ടന്മാരായ ആളുകളെ കണ്ട് മടുത്തു എന്നും അതുകൊണ്ട് തന്‍റെ ഹെൽമെറ്റ് ഒരു ട്രാഫിക് പോലീസ് ഉപകരണമാക്കി മാറ്റി എന്നും പങ്കജ് തൻവർ എഴുതി. ഈ ഹെൽമെറ്റിലുള്ള ഒരു എഐ ഏജന്റ് തത്സമയം ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുമെന്ന് തൻവാർ പറയുന്നു. ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നവരുടെ നമ്പർ പ്ലേറ്റ് രജിസ്ട്രേഷൻ തുടങ്ങിയ വിവരങ്ങൾ ലൊക്കേഷനോടൊപ്പം രേഖപ്പെടുത്തുകയും ഈ ഡാറ്റ നേരിട്ട് പോലീസിന് അയയ്ക്കുമെന്നും അദ്ദേഹം പറയുന്നു
ഈ സംവിധാനം റെക്കോർഡിംഗിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് തെളിവുകൾ സൃഷ്ടിക്കുകയും കുറ്റവാളിയെ തിരിച്ചറിയുകയും ചെയ്യുന്നുവെന്ന് തൻവർ തന്റെ പോസ്റ്റിൽ വിശദീകരിച്ചു. ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിക്കുന്ന ഒരാളെ ഉടൻ റിപ്പോർട്ട് ചെയ്ത ഒരു സംഭവവും അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായി.




