Uncategorized

ഇറാനില്‍ ആഭ്യന്തര കലാപം രൂക്ഷം

ഇറാനിൽ ഭരണകൂടത്തിനെതിരെയുള്ള ആഭ്യന്തര പ്രക്ഷോഭം അതിരൂക്ഷമായി. വിവിധ നഗരങ്ങളിൽ അരങ്ങേറുന്ന സംഘർഷങ്ങളിൽ ഇതുവരെ 45 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരങ്ങൾ. ടെഹ്റാനിൽ ആരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നതോടെ, പ്രക്ഷോഭം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അധികൃതർ ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിച്ചു.

രാജ്യത്തെ തകർന്നടിഞ്ഞ സാമ്പത്തികാവസ്ഥയും അതിരൂക്ഷമായ വിലക്കയറ്റവുമാണ് ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. ഡിസംബർ 28-ന് ടെഹ്റാനിലെ ഒരു ബസാറിൽ കറൻസിയുടെ മൂല്യം ഇടിയുന്നതിനെതിരെ വ്യാപാരികൾ തുടങ്ങിയ പ്രതിഷേധം പിന്നീട് വലിയ ജനകീയ പ്രക്ഷോഭമായി മാറുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും മൂലം ഉണ്ടായ പണപ്പെരുപ്പവും തൊഴിലില്ലായ്മയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

“സ്വാതന്ത്ര്യം,” “ഏകാധിപത്യം തുലയട്ടെ,” “ഇസ്ലാമിക് റിപ്പബ്ലിക് തുലയട്ടെ” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധക്കാർ തെരുവുകൾ കീഴടക്കുന്നത്. ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിക്കെതിരെയാണ് പ്രധാനമായും പ്രതിഷേധം ഉയരുന്നത്.

പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പാരമ്പര്യമുള്ള ഇറാൻ ഭരണകൂടം ശക്തമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. പ്രക്ഷോഭം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് മസൂദ് രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാൻ ഉത്തരവിട്ടത്.

അതേസമയം, ഇറാനിലെ പ്രക്ഷോഭകാരികൾക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. എന്നാൽ അമേരിക്കയുടെ ഇടപെടലിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഖമേനി പ്രതികരിച്ചത്. ട്രംപ് അമേരിക്ക ഭരിച്ചാൽ മതിയെന്നും ഇറാന്റെ കാര്യത്തിൽ ഇടപെടേണ്ടെന്നും പറഞ്ഞ ഖമേനി, ട്രംപിന്റെ തകർച്ച ഉടൻ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കൃത്യമായ ഒരു നേതാവിന്റെ നേതൃത്വമില്ലാതെയാണ് ഈ പ്രക്ഷോഭങ്ങൾ നടക്കുന്നത് എന്നത് വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ എങ്ങോട്ട് തിരിയുമെന്ന് പ്രവചനാതീതമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button