മൃഗസ്‌നേഹികള്‍ക്ക് സുപ്രീം കോടതിയുടെ പരിഹാസം

തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ മൃഗസ്‌നേഹികൾക്കെതിരെ തുടർച്ചയായ രണ്ടാം ദിവസവും സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും പരിഹാസരൂപേണയുള്ള പരാമർശങ്ങൾ. “നായ്ക്കളും പൂച്ചകളും ശത്രുക്കളാണ്, പൂച്ചകളാണെങ്കിൽ എലിയെ കൊല്ലുകയും ചെയ്യും, അതിനാൽ ഇനി നമുക്ക് പൂച്ചകളെ കൂടുതൽ പ്രോത്സാഹിപ്പിക്കാം” എന്നായിരുന്നു ജസ്റ്റിസ് സന്ദീപ് മേത്തയുടെ പരാമർശം.
സ്ഥാപന മേഖലകളിൽ നിന്നും മറ്റും നായ്ക്കളെ പെട്ടെന്ന് നീക്കം ചെയ്യുന്നതിനെതിരെ മുതിർന്ന അഭിഭാഷകൻ സിയു സിംഗ് ഉന്നയിച്ച വാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കോടതി. പൊതു ഇടങ്ങളിൽ നിന്നും റോഡുകളിൽ നിന്നും നായ്ക്കളെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉടമസ്ഥർക്കും പൊതുജനങ്ങൾക്കും അവബോധം നൽകണമെന്ന കൗൺസിലിന്റെ നിർദ്ദേശത്തെയും കോടതി പരാമർശിച്ചു.
നായ്ക്കൾക്ക് കൗൺസിലിംഗ് നൽകാൻ കഴിയില്ലെന്നും എന്നാൽ അവയുടെ ഉടമസ്ഥർക്ക് കൗൺസിലിംഗ് നൽകുന്നതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. നായ്ക്കൾക്ക് കൗൺസിലിംഗ് നൽകുക എന്നത് പ്രായോഗികമല്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ മൃഗസ്‌നേഹികൾക്കെതിരെ കോടതിയുടെ ഭാഗത്തുനിന്ന് പരിഹാസം ഉണ്ടായിരുന്നു.ജസ്റ്റിസ്മാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എം.വി. ആഞ്ജനീയ എന്നിവരടങ്ങിയ ബെഞ്ചാണ് തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട ഈ നിർണ്ണായക കേസ് പരിഗണിക്കുന്നത്.




