ഐശ്വര്യത്തിനായി യുവതി ജ്യോത്സ്യനടുത്തെത്തി, ഭർത്താവ് ഉടൻ മരിക്കുമെന്ന് പ്രവചനം; പൂജ നടത്താൻ വീട്ടിലെത്തിച്ച് പീഡനം

കുടുംബത്തിന് ഐശ്വര്യം ഉണ്ടാകുമോ എന്നറിയാൻ ജ്യോത്സ്യനെ കാണാൻ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റ‌്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി 30 കാരനായ യുവ ജ്യോത്സ്യൻ ജിഷ്ണുവിനെ പോലീസ് അറസ്‌റ്റ് ചെയ്തു. യുവതിയോട് ഭർത്താവ് മരിച്ചുപോകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു പേടിപ്പിച്ച് ഇയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം.
ഭർത്താവ് ഉടൻ മരിച്ചുപോയേക്കുമെന്ന് അറിഞ്ഞപ്പോൾ ആകെ ഭയപ്പട്ട യുവതി ജ്യോത്സ്യൻ പറഞ്ഞതനുസരിച്ച് ഒപ്പം പോവുകയായിരുന്നു. വീട്ടിലെത്തി ഭർത്താവിന്റെ അകാലമൃത്യു ഇല്ലാതാക്കാനായി പൂജ നടത്തി പ്രതിവിധി തേടാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ വീട്ടിലേക്കെത്തിച്ചത്. യുവതിക്ക് പക്ഷേ അപ്രതീക്ഷിതമായ അനുഭവമാണ് പിന്നീടുണ്ടായത്. വീട്ടിലെത്തിച്ച ഉടൻ ജ്യോത്സ്യൻ കയറിപ്പിടിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് യുവതി ആലപ്പുഴജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കരീലകുളങ്ങര പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവം നടന്നത് ഹരിപ്പാട് പോലീസ് സ്‌റ്റേഷനിൽ പരിധിയിൽ ആയതിനാൽ കേസിൻ്റെ തുടർ നടപടികൾ ഹരിപ്പാട് പോലീസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.




