ആഷസ് പരമ്പര ജയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഓസീസ്, ഇന്ത്യ ആറാമത് തന്നെ

സിഡ്നി: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഓസ്ട്രേലിയ. എട്ട് മത്സരങ്ങളില്‍ ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 84 പോയന്‍റും 87.5 പോയന്‍റ് ശതമാവുമായാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ടെസ്റ്റില്‍ രണ്ട് ജയവും ഒരു സമനിലയും നേടിയ ന്യൂസിലന്‍ഡ് 28 പോയന്‍റും 77.78 പോയന്‍റ് ശതമാനവുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ ജയത്തോടെ നാലു ടെസ്റ്റില്‍ മൂന്ന് ജയവും ഒരു സമനിലയും നേടിയ ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്. 36 പോയന്‍റുള്ള ദക്ഷിണാഫ്രിക്കക്ക് 75 ആണ് പോയന്‍റ് ശതമാനം. രണ്ട് ടെസ്റ്റ് മാത്രം കളിച്ച് ഒരു ജയവും ഒരു സമനിലയും നേടിയ ശ്രീലങ്ക 16 പോയന്‍റും 66.67 പോയന്‍റ് ശതമാനവുമായി നാലാം സ്ഥാനത്തുള്ളപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയന്‍റും 50 പോയന്‍റ് ശതമാനവുമുള്ള പാകിസ്ഥാന്‍ ആണ് അഞ്ചാമത്.




