ജയിലിൽ നിന്ന് മത്സരിച്ച് ജയിച്ചയാൾക്ക് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാനാകുമോ?; അനിശ്ചിതത്വം തുടരുന്നു

പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡ് മൊട്ടമ്മലിൽനിന്ന് വിജയിച്ച എൽഡിഎഫിലെ വി.കെ. നിഷാദിന്റെ കൗൺസിലറായുള്ള സത്യപ്രതിജ്ഞയിലെ അനിശ്ചിതത്വം തുടരുന്നു
പോലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് നിഷാദ് ജയിലിൽനിന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. മൊട്ടമ്മൽ വാർഡിൽനിന്ന് 341 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. ഫലം പുറത്തുവന്നശേഷം പരോളിലിറങ്ങിയെങ്കിലും സത്യപ്രതിജ്ഞ ചെയ്‌തില്ല. അപൂർവങ്ങളിൽ അപൂർവമായതിനാൽ സത്യപ്രതിജ്ഞയുടെ കാര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് അധികൃതർ.
നിയമവശം സംബന്ധിച്ച നിർദേശത്തിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് വിവരം ആരാഞ്ഞിരുന്നുവെന്നും അതിനുള്ള മറുപടി പയ്യന്നൂർ നഗരസഭാ ഓഫീസിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.
നിഷാദിന്റെ കേസ് സംബന്ധിച്ച അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഫലം പ്രഖ്യാപിച്ച് ഒരുമാസത്തിനകം സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടം. അതിനകം കോടതിവിധിയുണ്ടാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. കീഴ്ക്‌കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്‌ാൽ മാത്രമേ നിഷാദിന് സത്യപ്രതിജ്ഞ ചെയ്യാൻ പറ്റൂവെന്നാണ് ഒരു വാദം.
നാമനിർദേശപത്രികാ സമർപ്പണശേഷമാണ് നിഷാദിനെതിരേ കോടതിവിധിയുണ്ടായത്. ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റുമാണ് നിഷാദ്. സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റിയംഗവുമാണ്.




