ബിജെപിയുടെ മിഷൻ 40; കറുത്ത കുതിരയാകാൻ നീക്കം, 15 സീറ്റിൽ കടുത്ത പോരിന്, ആദ്യ ലിസ്റ്റ് അമിത് ഷായുടെ സന്ദർശനത്തിനു ശേഷം

തിരുവനന്തപുരം: യുഡിഎഫിനും ഇടതുമുന്നണിക്കും പിന്നാലെ മിഷൻ കേരളയുമായി ബിജെപിയും. നിയമസഭ തെരഞ്ഞെടുപ്പിൽ 40 സീറ്റാണ് ലക്ഷ്യം. 15 സീറ്റുകളിൽ കടുത്ത പോരിനാണ് ബിജെപി തയ്യാറെടുക്കുന്നത്. തൂക്കുസഭ സ്വപ്നം കണ്ട് കറുത്ത കുതിരയാകാൻ ബിജെപി നീക്കം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷം ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് നീക്കം.
ഇന്നലെ ബിജെപി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനിൽ ചേർന്നിരുന്നു. അതിൽ മിഷൻ കേരളയും ചർച്ചയായി. 40 സീറ്റിൽ ഫോക്കസ് ചെയ്താണ് ബിജെപി മുന്നോട്ടുപോകുന്നത്. അതിശക്തമായ മത്സരത്തിന് 15 ഇടത്തെ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കും. എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കാത്ത വിധത്തിൽ കറുത്ത കുതിരകളാകുക എന്നതാണ് ബിജെപിയുടെ മിഷൻ.
അമിത് ഷാ ജനുവരി 11ന് എത്തും
നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു. കെ സുരേന്ദ്രന്‍റെ പേരാണ് പാലക്കാട് സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രന്‍റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്. അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തും. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ബിജെപി തീരുമാനം.




