Uncategorized

കടത്തിണ്ണയിൽ കിടന്ന് മരിച്ച യാചകന്റെ സഞ്ചിയിൽ നാലര ലക്ഷം രൂപ! സൂക്ഷിച്ചത് പ്ലാസ്റ്റിക് ടിന്നിൽ; അമ്പരപ്പ്

യാത്രയ്ക്കിടയിൽ യാചകരെ കാണുമ്പോൾ നല്ല വീടോ ഭക്ഷണമോ ഇല്ലാത്തതിനാലാണല്ലോ ഇവരിങ്ങനെ ഭിക്ഷയെടുക്കേണ്ടി വരുന്നതെന്നോർത്ത് സഹതപിക്കാത്തവർ ചുരുക്കമാണ്. എന്നാൽ ചിലപ്പോഴൊക്കെ ഭിക്ഷാടകരായി പ്രത്യക്ഷപ്പെട്ടവരുടെ ആസ്‌തി കേട്ട് പിന്നീട് കണ്ണ് മിഴിച്ച് നിന്നുംകാണും. അത്തരമൊരു സംഭവമാണ് ആലപ്പുഴ ചാരുംമൂടിലും നടന്നത്. സ്കൂട്ടർ ഇടിച്ചു മരിച്ച യാചകൻ്റെ സഞ്ചികളിൽ നിന്നും നാലര ലക്ഷം രൂപയാണ് നൂറനാട് പൊലീസ് കണ്ടെത്തിയത്.

ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന അനിൽ കിഷോറെന്നയാളെ തിങ്കളാഴ്‌ച വൈകിട്ട് സ്‌കൂട്ടർ ഇടിച്ചു. സാരമായി പരുക്കേറ്റതോടെ നാട്ടുകാർ ആശുപത്രിയിലും എത്തിച്ചു. തലയ്ക്ക് പരുക്കുള്ളതിനാൽ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്‌ടർ നിർദേശിച്ചെങ്കിലും രാത്രിയോടെ ഇയാൾ ആശുപത്രിയിൽ നിന്നിറങ്ങിപ്പോയി. ഇന്നലെ രാവിലെ കടത്തിണ്ണയിൽ മരിച്ച നിലയിലാണ് പിന്നീട് കണ്ടെത്തുകയായിരുന്നു. അനിൽ കിഷോർ, തൈപ്പറമ്പിൽ, കായംകുളം എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിലാസം.

നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ഇയാളുടെ സഞ്ചികൾ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു. സഞ്ചികൾ പരിശോധിച്ചപ്പോഴാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്സു‌കളും ലഭിച്ചത്. 5 പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി ടേപ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയിൽ 4,52,207 രൂപയാണ് ലഭിച്ചത്. രണ്ടായിരത്തിൻ്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇയാളുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയിൽ ഹാജരാക്കുമെന്നും നൂറനാട് എസ്എച്ച്ഒ എസ്. ശ്രീകുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button