കോഫി ഹൗസ് ഇരിട്ടി ശാഖക്ക് പൂട്ട് വീണു

ഇരിട്ടി: ആറുവർഷം മുൻപ് ഇരിട്ടിയിൽ ആരംഭിച്ച ഇന്ത്യൻ കോഫി ഹൗസിന്റെ ശാഖയുടെ പ്രവർത്തനം ശനിയാഴ്ച മുതൽ അവസാനിപ്പിച്ചു. 2019ൽ ഇരിട്ടി മേലെ സ്‌റ്റാൻഡിൽ പഴയ ന്യൂ ഇന്ത്യാ ടാക്കീസിന് സമീപം ഇന്ത്യൻ കോഫി വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തനം തുടങ്ങിയ കോഫി ഹൌസ് രുചികരമായ ഭക്ഷണം വിളമ്പി പലരുടെയും ഹൃദയത്തിൽ ഇടം നേടിയിരുന്നു. എന്നാൽ മറ്റു കോഫി ഹൗസുകളെ അപേക്ഷിച്ച് ഇവിടെ കച്ചവടം കുറവായിരുന്നു എന്നാണ് പറയുന്നത്. കണ്ണൂർ, തലശ്ശേരി കഴിഞ്ഞാൽ തലശ്ശേരി – മൈസൂർ അന്തർ സംസ്ഥാന പാതയിലെ ഏക കോഫി ഹൗസ് കൂടിയായിരുന്നു ഇരിട്ടിയിലേത്.
ആരെയും അറിയിക്കാതെ ഒരു ദിവസം കോഫി ഹൗസ് അടച്ചുപൂട്ടി പോയതിൽ ജനങ്ങൾക്കിടയിലും പ്രതിഷേധമുണ്ട്. ഇവിടുത്തെ അനുബന്ധ സാധനങ്ങളും ഉപകരണങ്ങളും വടകരയിലേക്കാണ് കൊണ്ടുപോകുന്നത്. അറ്റ കുറ്റ പ്രവർത്തിക്കായി അടച്ചിടുന്നു എന്നാണ് കോഫി ഹൗസിന്റെ ചുവരിൽ പതിച്ച പോസ്റ്ററിൽ ഉള്ളത്




