രാഹുല്‍ ഈശ്വറിന് എതിരെ വീണ്ടും പരാതി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ അന്വേഷണം ശക്തമാകുന്നു. തനിക്കെതിരെ അധിക്ഷേപകരമായ വീഡിയോകൾ നിർമ്മിച്ച് രാഹുൽ ഈശ്വർ പ്രചരിപ്പിച്ചുവെന്ന് കാണിച്ച് പരാതിക്കാരി തന്നെയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. കോടതി നൽകിയ ജാമ്യവ്യവസ്ഥകളുടെ ലംഘനമാണ് ഇതെന്നും അദ്ദേഹത്തിനെതിരെ കർശന നടപടി വേണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു.
രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവനായ എഐജി പൂങ്കുഴലിക്കാണ് യുവതി പരാതി നൽകിയത്. നേരത്തെ ഇതേ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിലാവുകയും ദിവസങ്ങളോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. അന്ന് ജയിലിൽ നിരാഹാര സമരം ഉൾപ്പെടെ നടത്തിയ അദ്ദേഹത്തിന്, കോടതിയുടെ കർശനമായ താക്കീതുകൾക്കും നിബന്ധനകൾക്കും പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.
പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ അധിക്ഷേപിക്കരുത് എന്നതടക്കമുള്ള കർശനമായ വ്യവസ്ഥകളോടെയാണ് കോടതി രാഹുൽ ഈശ്വറിന് ജാമ്യം നൽകിയിരുന്നത്. ഈ സാഹചര്യത്തിൽ വീണ്ടും വീഡിയോകൾ പുറത്തുവിട്ടത് അദ്ദേഹത്തിന് നിയമപരമായി വലിയ തിരിച്ചടിയാകാനാണ് സാധ്യത. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം വിശദമായ പരിശോധനകൾ ആരംഭിച്ചു. കോടതി നിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും.




