Uncategorized

സ്ത്രീകൾക്കുള്ള പെൻഷനായി ഇതുവരെ അപേക്ഷിച്ചത് 8,52,223 പേർ; പദ്ധതി വലിയ സ്വീകാര്യത നേടിയെന്ന് മുഖ്യമന്ത്രി; ഇനിയും അപേക്ഷിക്കാൻ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചെറിയ കാലയളവിനുള്ളിൽ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേർ അപേക്ഷിച്ചുവെന്നത് സർക്കാർ ഇടപെടലിന് ലഭിച്ച സ്വീകാര്യതയുടെ വൈപുല്യം വെളിവാക്കുന്നു. 35നും 60നും ഇടയിൽ പ്രായമുള്ള, യാതൊരു ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

ഇക്കഴിഞ്ഞ ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. ഇനിയും അപേക്ഷിക്കാൻ സാധിക്കാത്തവർ അപേക്ഷകൾ https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനുമുള്ള പ്രധാന ചാലകശക്തിയായി സ്ത്രീ സുരക്ഷാ പദ്ധതി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ
കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button