ഇനി ഇളവുകളില്ല; അധ്യാപക നിയമനത്തിൽ കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. എം.എഡ്, സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി നേടിയവർക്ക് ഇളവുകൾ നൽകുന്നതായിരുന്നു പഴയ ഉത്തരവ്. ഇതാണ് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കിയത്. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക നിയമനത്തിന് അപേക്ഷിക്കുന്നതിന് കെ-ടെറ്റ് യോഗ്യത നേടേണ്ടിവരും.
സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണം. ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനോ ഇനി മുതൽ കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമായിരിക്കും. എൽ.പി, യു.പി അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കുന്നത് തുടരും. എന്നാൽ ഹൈസ്കൂൾ നിയമനങ്ങൾക്ക് കാറ്റഗറി III തന്നെ വേണം.




