താലിയും പുടവയുമില്ല; ഭരണഘടന കൈമാറി, വിവാഹിതരായി അധ്യാപികയും വില്ലേജ് ഉദ്യോഗസ്ഥനും

നെന്മാറ (പാലക്കാട്) താലിയില്ല,മോതിരമില്ല, പുടവയുമില്ല; രാജ്യത്തിന്റെ ഭരണഘടന കൈമാറി, പ്രതിജ്ഞ ചെയ്ത് ശീതളും ജിതിനും ഒരുമിച്ച് യാത്ര തുടങ്ങി. ഇരുവരും ഒരേസ്വരത്തിൽ ചൊല്ലി, ‘നമ്മൾ ഇന്ത്യയിലെ രണ്ടു പൗരർ എന്ന നിലയിൽ, വ്യക്തിപരമായ പരമാധികാരബോധ്യത്തോടെയും പരസ്പര സമ്മതത്തോടെയും ദാമ്പത്യബന്ധം തുടങ്ങുന്നു. ജനുവരി ഒന്നിന് ഈ ബന്ധത്തെ അംഗീകരിക്കുകയും ഭരണഘടനാ മൂല്യങ്ങളെ നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.’
നെന്മാറ സബ് റജിസ്ട്രാർ ഓഫിസിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ പി.എസ്.ശീതളും അയിലൂർ സ്വദേശിയായ ആർ.ജിതിൻ കൃഷ്ണയും തമ്മിലുള്ള വിവാഹത്തിനു ബന്ധുക്കൾക്കൊപ്പം ഭരണഘടനയും സാക്ഷിയായി. പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ശീതൾ ഭരണഘടനാസാക്ഷരതാ രംഗത്തു പ്രവർത്തിക്കുന്ന, കോൺസ്റ്റിറ്റ്യൂഷൻ ലിറ്ററസി കൗൺസിൽ എന്ന എൻജിഒയുടെ പ്രവർത്തകയാണ്. ജിതിൻ പാലക്കാട് തേങ്കുറുശ്ശിയിൽ വില്ലേജ് അസിസ്റ്റന്റാണ്. ഭരണഘടനാ മൂല്യങ്ങളുടെ പ്രചാരണത്തിനു വിവാഹം തന്നെ സന്ദേശമാകട്ടെ എന്ന ചിന്തയാണ് ഈ മാതൃകയ്ക്കു പിന്നിലെന്ന് ഇരുവരും പറയുന്നു.




