Uncategorized

വയനാട് പുനരധിവാസ പദ്ധതി; വീടുകള്‍ അടുത്തമാസം കൈമാറുമെന്ന് മുഖ്യമന്ത്രി

വയനാട് പുനരധിവാസ പദ്ധതിയിലെ വീടുകള്‍ അടുത്തമാസം കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 207 വീടുകളുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ ഒന്നാംഘട്ട വീടുകള്‍ കൈമാറും. അഞ്ച് വര്‍ഷം വീടുകളുടെ അറ്റകുറ്റപ്പണി കരാര്‍ കമ്പനി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റേൺ എസ്റ്റേറ്റ് ഭൂമിയിൽ ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടൗൺഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ 35 ക്ലസ്റ്ററുകളിലായാണ് ടൗൺ ഷിപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.

ഓരോ ക്ലസ്റ്ററിലും കുട്ടികൾക്ക് കളിക്കുന്നതിനും മുതിർന്നവർക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. 11.4 കിലോമീറ്റർ റോഡ് ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖലയും, ഒൻപതര ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയുമുണ്ട്. ഇതുകൂടാതെ ഓരോ വീട്ടിലും 1000 ലിറ്റര്‍ കുടിവെള്ള ടാങ്ക് പദ്ധതിയുടെ ഭാഗമായി ഉണ്ട്.

ഫുട്ബോൾ ഗ്രൗണ്ട്, മാർക്കറ്റ്, അങ്കണവാടി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ, പൊതുജന ആരോഗ്യ കേന്ദ്രം, മെമ്മോറിയൽ, ഓരോ വീട്ടിലും സൗരോർജ്ജ പ്ലാന്റ് ഇങ്ങനെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൗൺഷിപ്പിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. 207 വീടുകളുടെ വാർപ്പ് പൂർത്തിയായെന്നും ബാക്കിയുള്ള വീടുകളുടെ പണി വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button