കെഎസ്ഇബിയെ പ്രശംസിച്ച് ഒന്നാംക്ലാസുകാരി തൻഹ നൗറിൻ്റെ ഡയറിക്കുറിപ്പ്; മറുപടിയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി

കണ്ണൂർ: ഒന്നാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് സോഷ്യൽ മീഡയയിൽ വൈറൽ. വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി തൻ്റെ എഫ് ബി അക്കൗണ്ടിൽ ചെറുപുഴ ജെ എം യു പി സ്കൂളിലെ ഒന്നാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ചിരുന്നു. തൻ്റെ വീട്ടിലെ വോൾട്ടേജ് പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തൻഹ നൗറിൻ എന്ന ഒന്നാംക്ലാസുകാരി എഴുതിയ ഡയറിക്കുറിപ്പാണ് മന്ത്രി പങ്കുവെച്ചത്.
‘ഇന്നു ഞങ്ങളുടെ റോഡിൽ പുതിയ പോസ്റ്റ് ഇട്ടു. അതിൽ കറുത്ത കേബിൾ വലിച്ചു. ഇനി മുതൽ ഞങ്ങൾക്ക് നല്ല വോൾട്ടേജ് കിട്ടും. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി സാറിനും കെഎസ്ഇബി മാമന്മാർക്കും നന്ദി’ എന്നായിരുന്നു തൻഹ നൗറിൻ്റെ ഡയറിക്കുറിപ്പ്. ഡയറിക്കുറിപ്പ് കണ്ട തൻഹയുടെ അമ്മ ഇത് മന്ത്രി കെ കൃഷ്ണൻകുട്ടിയ്ക്ക് മെയിൽ ചെയ്ത് കൊടുക്കുകയായിരുന്നു. ഇത് കണ്ട മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ തൻഹയ്ക്ക് മറുപടി നൽകുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ ചെറുപുഴ ജെഎംയുപി സ്കൂളിലെ ഒന്നാം ക്ലാസുകാരി തൻഹ നൗറിൻ എനിക്ക് അയച്ചു തന്ന മനോഹരമായ ഒരു ചിത്രവും കുറിപ്പുമാണിത്. തൻഹയുടെ വീടിന് മുൻപിലെ റോഡിൽ പുതിയ പോസ്റ്റ് സ്ഥാപിച്ച്, പുതിയ കേബിൾ വലിച്ച് വോൾട്ടേജ് ക്ഷാമം പരിഹരിച്ചതിലുള്ള സന്തോഷമാണ് ഈ ചിത്രത്തിലുള്ളത് എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി കുറിച്ചത്. ഇനി മുതൽ ഞങ്ങൾക്ക് നല്ല വോൾട്ടേജ് കിട്ടും…” എന്ന് ആ കുഞ്ഞു കൈപ്പടയിൽ എഴുതിയ വരികൾ കെഎസ്ഇബിയിലെ ഓരോ ജീവനക്കാരനും വലിയ ഊർജ്ജമാണ് നൽകുന്നത്. തൻഹയുടെ ചിത്രത്തിൽ പുതിയ ഇലക്ട്രിക് പോസ്റ്റും കേബിളും ഒപ്പം തന്റെ വീടും മനോഹരമായി വരച്ചു ചേർത്തിട്ടുണ്ട്. തൻഹ നൽകിയ ഈ സ്നേഹത്തിനും നന്ദിക്കും ഒത്തിരി സ്നേഹം. കുഞ്ഞു തൻഹയ്ക്കും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് അവ പരിഹരിക്കാൻ കെഎസ്ഇബി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ഇത്തരം കുഞ്ഞു പ്രതികരണങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നുവെന്നും മന്ത്രി കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
ചെറുപുഴ പാണ്ടിക്കടവിൽ തൻഹ നൗറിനും കുടുംബവും താസിക്കുന്ന സ്ഥലത്ത് വോൾട്ടേജ് പ്രശ്നം ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ വൈദ്യുതി കണക്ഷൻ ഭൂതാനം ട്രാൻസ്ഫോമർ പരിധിയിൽ നിന്നും ചെറുപുഴ ട്രാൻസ്ഫോമർ പരിധിയിലേയ്ക്ക് മാറ്റാൻ നൗറിൻ്റെ കുടുംബം അപേക്ഷ നൽകിയിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥർ അപേക്ഷയിൽ വളരെ വേഗം പരിഹാരം കണ്ടതിനെ തുടർന്നാണ് തൻഹ നൗറിൻ ഡയറിക്കുറിപ്പെഴുതിയത്.




