അതിർത്തിയിൽ വേലി കെട്ടാൻ മമത അനുവദിക്കുന്നില്ല, ബംഗാളിൽ നിന്നും നുഴഞ്ഞുകയറ്റക്കാരെ തുരത്തും; അമിത് ഷാ

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിന്റെ സാമ്പത്തിക സ്ഥിതി തകർന്നു. ജിഡിപി റാങ്ക് മൂന്നാം സ്ഥാനത്തു നിന്നും 22 സ്ഥാനത്തേക്ക് കൂപ്പുകുത്തി. ബംഗാളിൽ നിന്നും നുഴഞ്ഞുകയറ്റക്കാരെ തുരത്തും. ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ല. ബംഗാളിന്റെ വികസനത്തെ മമത തകർത്തു.
ബംഗാളിലെ വ്യവസായങ്ങൾ തകർന്നു. അനധികൃത കുടിയേറ്റക്കാരെ മമത സംരക്ഷിക്കുന്നു. അതിർത്തിയിൽ വേലി കെട്ടാൻ മമത അനുവദിക്കുന്നില്ല. തൃണമൂൽ കോൺഗ്രസ് സർക്കാർ ബംഗാളിനെ നുഴഞ്ഞുകയറ്റക്കാരുടെ താവളമാക്കി മാറ്റിയെന്നും ക്ഷേമപദ്ധതികളിൽ ‘ടോൾ സിൻഡിക്കേറ്റ്’ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിനെ അഴിമതി നിറഞ്ഞ സംസ്ഥാനമാക്കി മാറ്റിയത് മമത സർക്കാരാണെന്ന് അമിത് ഷാ പറഞ്ഞു.
“മോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെല്ലാം ബംഗാളിൽ ഈ സിൻഡിക്കേറ്റ് ഭരണത്തിന് ഇരയായി. കഴിഞ്ഞ 14 വർഷമായി ഭയവും അഴിമതിയുമാണ് പശ്ചിമ ബംഗാളിന്റെ അടയാളമായി മാറിയിരിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന് മമത സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“ത്രിപുര, അസം, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ നുഴഞ്ഞുകയറ്റം നിലച്ചു. എന്നാൽ ബംഗാളിൽ മാത്രം എന്തുകൊണ്ടാണ് ഇത് തുടരുന്നത്? വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ജനസംഖ്യാപരമായ മാറ്റത്തിനാണ് മുഖ്യമന്ത്രി ഇത് പ്രോത്സാഹിപ്പിക്കുന്നത്,” ഷാ ആരോപിച്ചു.
2026 ഏപ്രിൽ 15-ന് ശേഷം ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. ബിജെപി അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റം തടയാൻ ദേശീയ ഗ്രിഡ് നിർമ്മിക്കുമെന്നും ഒരു പക്ഷി പോലും അതിർത്തി കടക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.




