ധർമടം മുൻ എംഎൽഎ കെ.കെ.നാരായണൻ അന്തരിച്ചു

കണ്ണൂർ: ധർമടം മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കെ നാരായണൻ (77) അന്തരിച്ചു. മുണ്ടലൂർ എൽപി സ്കൂളിൽ എൻഎസ്എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് പെരളശ്ശേരി എകെജി സ്‌മാരക ആശുപത്രിയിലും തുടർന്ന് ചാലയിലെ മിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് 5.51 ഓടെയാണ് അന്ത്യം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ആയിരുന്ന അദ്ദേഹം 2011ൽ ധർമടം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്, എകെജി സ്‌മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷൻ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ കൂത്തുപറമ്പിൽ നടന്ന കൂത്തുപറമ്പ് സഹകരണ യൂണിയൻ്റെ സഹകരണ വാരാഘോഷത്തിൽ സമ്മാനദാനം നടത്തിയിരുന്നു. തൃശൂരിൽ സഹകരണ വാരാഘോഷം ചടങ്ങിലും പങ്കെടുത്തിരുന്നു. മൃതദേഹം ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ.




