‘ഞൊടിയിടയിൽ കത്തിവീശി ചവിട്ടിവീഴ്ത്തി’, വീഡിയോ കോളിലൂടെ എല്ലാം ഭർത്താവ് കണ്ടു; ഞെട്ടൽ മാറാതെ സോബി

പത്തനംതിട്ട: ഞായറാഴ്‌ച പതിവുപോലെ ജോലിക്കുപോകാനിറങ്ങിയതായിരുന്നു സോബി. ലണ്ടനിലെ താമസസ്ഥലത്തുനിന്ന് രണ്ടു ബസ് കയറിവേണം പോകാൻ. ആദ്യബസ്സിറങ്ങി സെയ്റ്റ് ലിയോണാസ് സ്ട്രീറ്റ് ബസ് സ്റ്റോപ്പിൽനിന്ന് രണ്ടാമത്തെ ബസിൽ കയറിയപ്പോഴായിരുന്നു ആക്രമണം. മെലിഞ്ഞ്, മുഷിഞ്ഞ വസ്ത്രംധരിച്ച ഒരു സ്ത്രീ പ്രകോപനമില്ലാതെ ഇന്ത്യക്കാരെ ചീത്തവിളിക്കുകയും കത്തിയെടുത്ത് വീശുകയുമായിരുന്നു.
ബസ്സിലുണ്ടായിരുന്നവർ തടഞ്ഞില്ലായിരുന്നെങ്കിൽ മുൻപിലിരുന്ന കൂട്ടുകാരി പുനലൂർ സ്വദേശിനി അക്ഷിതയെ കുത്തിയേനേ -സംഭവം നേരിട്ടുകണ്ട സോബി വിറയലോടെ പറഞ്ഞു. ആക്രമണത്തിൽ, സോബി (37), പത്തനംതിട്ട മാക്കാംകുന്ന് സ്വദേശി ഡെയ്‌സി (35), പുനലൂർ സ്വദേശി അക്ഷിത (27) എന്നിവർക്കാണ് പരിക്കേറ്റത്. അക്രമിയെ ഞായറാഴ്‌ച പോലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റവർ രാത്രിയോടെ ആശുപത്രിവിട്ടു. ഇവർ ഇന്ത്യൻ ഹൈക്കമ്മിഷനും നോർക്കയ്ക്കും പരാതിനൽകി. മൂന്നുവർഷംമുൻപാണ് സോബി ലണ്ടനിലെത്തിയത്.
വയറിന് ചവിട്ടേറ്റ, ബസിന് മുൻസീറ്റിലിരുന്ന അക്ഷിത വേദനകൊണ്ട് പുളഞ്ഞ് നിലത്തുവീണിരുന്നു. അക്രമിയെ തടയാൻ ശ്രമിച്ചപ്പോഴാണ് സോബിക്ക് മർദനമേറ്റത്. കൈയിലിരുന്ന കത്തി മറ്റുള്ളവർക്കുനേരേ വീശിയപ്പോഴാണ് ബസ്സിനുള്ളിലുള്ളവർ ഇവരെ കീഴ്പ്പെടുത്തിയത്. അറസ്റ്റിലായ സ്ത്രീ മയക്കുമരുന്നിന് അടിമയാണെന്നാണ് പോലീസ് പറഞ്ഞത്. ഇവർക്ക് 40 വയസ്സിനടുത്ത് പ്രായംതോന്നിക്കും.
അക്രമം ഭർത്താവ് നേരിട്ടുകണ്ടുബ്രിട്ടീഷ് സമയം ഞായറാഴ്ച രാവിലെ 7.30-ഓടെ (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്ന് കഴിഞ്ഞ്) ആയിരുന്നു അക്രമം. ഇന്ത്യൻ സമയവും ലണ്ടനിലെ സമയവും തമ്മിൽ അഞ്ചുമണിക്കൂർ അൻപത് മിനിറ്റോളം വ്യതാസമുള്ളതിനാൽ പലർക്കും ജോലികഴിയുമ്പോൾ രാത്രിയാകും. അപ്പോൾ ഇന്ത്യയിൽ അർധരാത്രിയുമാകും. അതിനാൽ പലരും രാവിലെ ജോലിക്കുപോകുമ്പോഴാണ് വീട്ടിലേക്ക് വിളിക്കുന്നത്. അങ്ങനെ വീഡിയോ കോൾ വിളിച്ചുകൊണ്ടിരുന്നപ്പോഴാണ് സോബിയുടെ ഭർത്താവ് ജോൺപോൾ പത്തനംതിട്ടയിലെ വീട്ടിലിരുന്ന് സംഭവം നേരിട്ടുകണ്ടത്.
ലണ്ടനിൽ നടന്നത്
ലണ്ടനിൽ ജോലിസ്ഥലത്തേക്കുപോയ രണ്ട് പത്തനംതിട്ട സ്വദേശിനികൾ ഉൾപ്പെടെ മൂന്ന് മലയാളി യുവതികൾക്കാണ് മർദനമേറ്റത്. നഴ്സുമാരായ പത്തനംതിട്ട മാടപ്പള്ളിൽ സോബി, പത്തനംതിട്ട സ്വദേശി ഡെയ്‌സി, പുനലൂർ സ്വദേശി അക്ഷിത എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കയറിയ ബസിൽ അവിടത്തുകാരിയായ ഒരു സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. അക്ഷിതയുടെ വയറിന് ചവിട്ടേറ്റു. കത്തികൊണ്ടുള്ള ആക്രമണം തടയാൻ ശ്രമിക്കുമ്പോൾ വയറിന് ചവിട്ടേൽക്കുകയായിരുന്നു. തുടർന്ന് കത്തിയുമായി മറ്റുള്ളവർക്കുനേരേ തിരിഞ്ഞു.
പോലീസ് എത്തിയാണ് മൂന്നുപേരെയും ആശുപത്രിയിലാക്കിയത്. ബ്രിട്ടീഷ് സമയം ഞായറാഴ്ച രാവിലെ 7.30-ഓടെ യുവതികൾ ക്രൊയ്ഡോണിൽനിന്ന് ജോലിസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ഈ സമയം സോബി നാട്ടിലുള്ള ഭർത്താവ് ജോൺപോളും മക്കളുമായി വീഡിയോകോൾ ചെയ്യുകയായിരുന്നു.
ആക്രമണം കണ്ട് കുട്ടികളും ഭർത്താവും പരിഭ്രാന്തരായി. സോബിയിരുന്ന സീറ്റിന് മുൻപിലാണ് ആദ്യം ആക്രമണം നടത്തിയത്. തടയാൻ ശ്രമിക്കുമ്പോഴാണ് സോബിക്ക് മർദനമേറ്റത്.
ബസിലുണ്ടായിരുന്നവർതന്നെയാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ഇന്ത്യൻസ് എന്നു പറഞ്ഞായിരുന്നു ആക്രമണം.




