അങ്കിത് ശര്‍മയ്ക്ക് നാല് വിക്കറ്റ്; വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ കേരളത്തിന് മേല്‍ക്കൈ

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെ പ്രതിരോധത്തിലാക്കി കേരളം. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മധ്യ പ്രദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 27 ഓവറില്‍ ആറിന് 102 എന്ന നിലയിലാണ്. അങ്കിത് ശര്‍മയാണ് അവരുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയതും. നാലും ബൗള്‍ഡായിരുന്നു എന്നുള്ളതാണ് സവിശേഷത. ഹിമാന്‍ഷു മന്ത്രി (40), സരന്‍ഷ് ജെയ്ന്‍ (0) എന്നിവരാണ് ക്രീസില്‍. വെങ്കടേഷ് അയ്യര്‍ (8) ഉള്‍പ്പെടെയുള്ള താരങ്ങള്‍ മധ്യ പ്രദേശ് നിരയില്‍ നിരാശപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്.
മോശമല്ലാത്ത തുടക്കമായിരുന്നു മധ്യ പ്രദേശിന്. ഒന്നാം വിക്കറ്റില്‍ ഹര്‍ഷ് ഗാവ്‌ലി (22) – യാഷ് ദുബെ (13) സഖ്യം 32 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 10-ാം ഓവറില്‍ ദുബെയെ പുറത്താക്കി അങ്കിത് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ഗാവ്‌ലി, ശുഭം ശര്‍മ (3) എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ അങ്കിത് മടക്കി. തുടര്‍ന്ന് ക്രീസിലെത്തിയ വെങ്കടേഷ് അയ്യര്‍ (8) റണ്ണൗട്ടാവുകയും ചെയ്തത് മധ്യ പ്രദേശിന് തിരിച്ചടിയായി. 22-ാം ഓവറില്‍ രാഹുല്‍ ബതാമിനേയും (3) അങ്കിത് ബൗള്‍ഡാക്കി.




