Uncategorized

ഒന്നും എളുപ്പമായിരുന്നില്ല, കാര്യവട്ടത്ത് ഉദിച്ചുയർന്ന് സ്‌മൃതി; പതിനായിരത്തിന്റെ പകിട്ട്

ഗ്രീൻഫീല്‍ഡിലെ ഗ്യാലറികള്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ക്രീസില്‍ ഷഫാലി വ‍ര്‍മ വിരേന്ദര്‍ സേവാഗിനെ ഓര്‍മിപ്പിക്കുന്നു. മറുവശത്ത് ട്വന്റി 20യുടെ താളത്തിലേക്ക് ചുവടുവെക്കാനാകാതെ സ്‌മൃതി മന്ദാന. അവരുടെ ബാറ്റിലേക്കായിരുന്നു കാര്യവട്ടത്തെ കണ്ണുകള്‍ ഉറ്റുനോക്കിയിരുന്നത്, ആവരുടെ തിരിച്ചുവരവിനായി. ഒന്നും എളുപ്പമായിരുന്നില്ലല്ലൊ അവര്‍ക്ക്. പ്രതിസന്ധികളേയും സമ്മര്‍ദത്തേയും ഏകദിന ക്രിക്കറ്റിന്റെ ആലസ്യവും പൊട്ടിച്ചെറിയാൻ ഒരു ഇന്നിങ്സ് മതിയാകും, ഞായറാഴ്ച രാത്രി അത് സംഭവിച്ചു. അനന്തപുരിയുടെ ആകാശത്തിന് കീഴില്‍ സ്‌മൃതി മന്ദാന വനിത ക്രിക്കറ്റിന്റെ ഇതിഹാസപ്പടവുകള്‍ ഓടിക്കയറുകയായിരുന്നു.

ഏഴാം ഓവറിലെ മൂന്നാം പന്ത്. ശ്രീലങ്കൻ സ്പിന്ന‍ര്‍ നിമാഷ മീപേജിന്റെ പന്ത് ലോങ് ഓണിലേക്ക് പായിച്ചു സ്‌മൃതി മന്ദാന. വനിത ക്രിക്കറ്റിന്റെ ഇന്നോളമുള്ള ചരിത്രത്തിലെ അപൂര്‍വമായൊരു നിമിഷമായിരുന്നു അവിടെ ജനിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ല് ഇടം കയ്യൻ ബാറ്റര്‍ തൊട്ടെന്ന് കാര്യവട്ടത്തെ ആ വലിയ സ്ക്രീൻ ഓര്‍മിപ്പിച്ചു. ഇതിഹാസങ്ങളായ മിതാലി രാജിനും സൂസി ബേറ്റ്‌സിനും ഷാര്‍ലറ്റ് എഡ്‌വേഡ്‌സിനും ശേഷം ആദ്യം. നാല്‍വരില്‍ ഏറ്റവും വേഗത്തില്‍ അഞ്ചക്ക സംഖ്യയിലേക്ക് എത്തിയതും സ്‌മൃതി തന്നെ, കേവലം 280 ഇന്നിങ്സുകളില്‍ നിന്ന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മിതാലി തീര്‍ത്ത റണ്‍മലയിലേക്കുള്ള ദൂരം ഇനി കേവലം 815 റണ്‍സ് മാത്രം.

ഇനി സ്‌മൃതിയുടെ ഇന്നിങ്സിലേക്ക് വരാം. ട്വന്റിയിലേക്ക് തിരിച്ചെത്താനാകാതെ സമ്മര്‍ദത്തിന് കീഴ്പ്പെട്ട സ്‌മൃതിയെ ആണ് ആദ്യ മൂന്ന് മത്സരങ്ങളിലും കണ്ടത്. നാലാം ട്വന്റി 20യിലും മാറ്റമുണ്ടായില്ല. ആ സമ്മര്‍ദത്തിന്റെ തോതുകുറയ്ക്കാൻ ഷഫാലിയുടെ അതിവേഗ സ്കോറിങ്ങിന് സാധിച്ചു. ഇന്ത്യൻ സ്കോര്‍ 100ലെത്തുമ്പോള്‍ 11 ഓവര്‍ പിന്നിട്ടിരുന്നു. സ്‌മൃതിയുടെ സ്കോര്‍ 32 പന്തില്‍ നിന്ന് 37 റണ്‍സ് മാത്രമായിരുന്നു. മറുവശത്ത് ഷഫാലി 34 പന്തില്‍ 63 റണ്‍സ്. ഫോം ഇസ് ടെമ്പററി, ക്ലാസ് ഈസ് പെര്‍മെനന്റെന്ന് പറയാറില്ലെ, പിന്നീട് ഗ്രീൻഫീല്‍ഡില്‍ കണ്ടത് അതായിരുന്നു, സ്‌മൃതി മന്ദാനയുടെ ക്ലാസിക്ക് ഗിയര്‍ ഷിഫ്റ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button