14 വയസ് കൂടുതലുള്ള നഴ്സുമായി പ്രണയം; വിവാഹം പറ്റില്ലെന്ന് യുവാവ്; കുത്തിക്കൊലപ്പെടുത്തി..

ബെംഗളൂരുവിൽ 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ പുരുഷനഴ്സ‌് പിടിയിൽ. കഴിഞ്ഞ ഒരു വർഷമായി ഒരേ ആശുപത്രിയിൽ നഴ്സുമാരായി ജോലി ചെയ്യുകയാണ് ചിത്രദുർഗ സ്വദേശിയായ മമതയും ഹാസൻ സ്വദേശിയായ പ്രതി സുധാകറും. അറസ്റ്റിലായ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ക്രിസ്‌മസ് ദിനത്തിൽ രാവിലെയാണ് സൗത്ത് ബെംഗളൂരു പ്രഗതിപുരയിലെ വാടകവീട്ടിൽ താമസിക്കുന്ന മമതയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നാലുവർഷമായി ജയദേവ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ് മമത. മമതയ്ക്കൊപ്പം മറ്റൊരു സ്ത്രീ കൂടി ഇതേവീട്ടിൽ താമസിക്കുന്നുണ്ട്. ഒരു വർഷം മുൻപാണ് സുധാകർ ജയദേവ ആശുപത്രിയിൽ നഴ്സായി ജോലി ആരംഭിച്ചത്.
ആദ്യം സുഹൃത്തുക്കളായിരുന്നെങ്കിലും പതിനാലു വയസ് കുറവുള്ള സുധാകറുമായി മമത പിന്നീട് പ്രണയത്തിലായി. തന്നെ വിവാഹം ചെയ്യണമെന്നും മമത പല തവണ സുധാകറിനോട് ആവശ്യപ്പെട്ടതായി ഫോൺ രേഖകൾ വ്യക്തമാക്കുന്നു. അതിനിടെ ഏതാനും ദിവസങ്ങൾക്കുമുൻപ് സുധാകറിന്റെ കുടുംബം മറ്റൊരു പെൺകുട്ടിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചു. ഇതോടെ ഇരുവരും തമ്മിൽ വലിയ പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായി.
ഡിസംബർ 24ന് മമത സുധാകറുമായി ഇവരുടെ വാടകവീട്ടിലെത്തി. ഒപ്പം താമസിച്ചിരുന്ന പെൺകുട്ടി ജോലിക്ക് പോയ സമയമായിരുന്നു ഇത്. പലകുറി വിളിച്ചിട്ട് കിട്ടാതായതോടെ ഡിസംബർ 25ന് മമതയുടെ കൂടെ താമസിക്കുന്ന പെൺകുട്ടി മമത വീട്ടിലുണ്ടോയെന്ന് പരിശോധിക്കാനായി വീട്ടുടമയോട് ആവശ്യപ്പെട്ടു. തുടർന്ന് വീട്ടുടമ വീട്ടിൽവന്ന് കതകിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നാലെ ജനലിനുള്ളിലൂടെ നോക്കിയപ്പോഴാണ് മമതചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ അയൽക്കാരേയും പൊലീസിനേയും വിവരം അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്- വീട്ടിലെത്തിയ സുധാകറും മമതയുമായി വിവാഹത്തെച്ചൊല്ലി തർക്കമുണ്ടാവുകയും സുധാകർ കറിക്കത്തിയെടുത്ത് മമതയുടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. 11.50നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. മമതയുടെ സഹോദരൻ്റെ പരാതിയിൽ കുമാരസ്വാമി ലേഔട്ട് പൊലീസ് കേസെടുത്തു. ക്രിസ്മസ് ദിനത്തിൽ വൈകിട്ടോടെ തന്നെ ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌ത് പൊലീസ് കസ്റ്റഡിയിൽ വിട്ടു.




