വിശ്വൻ ഇനി കല്പറ്റയുടെ ‘നാഥൻ’; പണിയ സമുദായത്തിൽനിന്ന് ആദ്യ നഗരസഭാ ചെയർപേഴ്‌സണായി പി. വിശ്വനാഥൻ

കല്പറ്റ: ‘മോറഴകിലേല്ലും എങ്ങള് നേരറിവുള്ളോരാ… മേനി കറുത്താലും എങ്ങളെ ഉള്ളു വെളുത്തിട്ടാ… വിത്തു വിതച്ചോരാ… കാവലിരുന്നോരാ… ഒരു പിടി വറ്റു കൊതിച്ചോരാ…’
നഗരത്തിൽ പിണങ്ങോട് റോഡിനോടു ചേർന്നുള്ള എടഗുനി കുരുന്തൻ ഉന്നതിയിലെ തന്റെ വീട്ടുതിണ്ണയിലിരുന്ന് കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ പാടുമ്പോൾ അറിയാതെ കണ്ണു നിറയുന്നുണ്ട്. തൻ്റെ ഗോത്രം കടന്നുവന്ന കഴിഞ്ഞകാലങ്ങളുടെ കയ്പ്പത്രയും വിശ്വനാഥന്റെ പാട്ടിലുണ്ട്. പാട്ടിലെ കയ്പ്പ് പുതുതലമുറകൂടി ജീവിതത്തിൽ രുചിക്കേണ്ടെന്ന ഉറപ്പിൽ വിശ്വനാഥൻ ചരിത്രം മാറ്റിയെഴുതുകയാണ്.
പണിയവിഭാഗത്തിൽനിന്നുള്ള ആദ്യത്തെ നഗരസഭാ ചെയർപേഴ്‌സണാണ് പി. വിശ്വനാഥൻ.
തന്റെ ഉന്നതിയിരിക്കുന്ന വാർഡിൽനിന്ന് ജനറൽ സീറ്റിൽ 196 വോട്ടിന് വിജയിച്ചാണ് ണ്ടവിശ്വനാഥൻ കല്പറ്റയുടെ നഗരസഭാധ്യക്ഷനാവുന്നത്. നഗരസഭാ ചെയർമാൻസ്ഥാനം പട്ടികവർഗ സംവരണമായതോടെ ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡൻ്റ് കൂടിയായ പി. വിശ്വനാഥനെ എൽഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു. സിപിഎം കല്പറ്റ ഏരിയ കമ്മിറ്റി അംഗവും ആദിവാസി ക്ഷേമസമിതി (എകെഎസ്) സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
വിശ്വൻ സ്വപ്‌നം കാണുന്നു, ഒരു ജനതയുടെ മോചനം
വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് കല്പറ്റ നഗരത്തിൽ പിണങ്ങോട് റോഡിനോടുചേർന്നുള്ള എടഗുനി കുരുന്തൻ ഉന്നതിയിലെത്തുന്നത്. കല്പറ്റ നഗരസഭയുടെ പുതിയ സാരഥി പി.
വിശ്വനാഥന്റെ സ്വന്തം ഉന്നതി.
വിശ്വനാഥനെത്തുമ്പോൾ ഉന്നതിയിലെ വീടുകൾ ഉറങ്ങിത്തുടങ്ങി. കൂലിപ്പണിക്കാരാണ് എല്ലാവരുംതന്നെ. ‘സ്കൂട്ടറിൽ പെട്രോൾ തീർന്നു, അടിക്കാൻ പോയതാ…’ -പച്ചക്കറികൾ അമ്മയ്ക്ക് നീട്ടി വിശ്വനാഥൻ പറഞ്ഞു. ‘എനിക്ക് തുണയായി നിൽക്കുന്നത് എന്റെ ഉന്നതിക്കാർതന്നെയാണ്. ഞാൻ ജനിച്ചു വളർന്നത് ഇവിടെയാണ്, ആദ്യം രണ്ട് വീടുകളെ ഉണ്ടായിരുന്നുള്ളൂ, ഇപ്പോ 4വീടായി. ആദ്യം വലിയ വികസനം വേണ്ടത് ഇവിടെത്തന്നെയാണല്ലേ’ ടാർപോളിൻ ഷീറ്റും ചാക്കും വിരിച്ചു മറച്ച ഷെഡുകളിലേക്ക് നോക്കി വിശ്വൻ പറഞ്ഞു.
വൈദ്യുതിയുണ്ടെങ്കിലും വെളിച്ചം വീഴുന്നില്ല, പാത്രങ്ങളും വിറകും മുൻവശത്തുതന്നെ അടുക്കിവെച്ചിരിക്കുന്നു. തണുപ്പിനെയകറ്റാൻ അടുപ്പെരിയുന്നു. ‘ഇവിടെയിപ്പോൾ ഏഴു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. തിങ്ങിപ്പാർക്കുന്ന ഈ സ്ഥിതിയിൽനിന്ന് മോചനം വേണമെന്നുതന്നെയാണ് ഞങ്ങൾക്കും. ആദിവാസിയുടെ പേരിലുള്ള ഫണ്ടൊക്കെ വാങ്ങി നിർമിക്കുന്ന വീടിന്റെ ഘടനതന്നെ ആദ്യം മാറ്റണം. നല്ല വീടുണ്ടെങ്കിൽത്തന്നെ മാറ്റമുണ്ടാകും.’
അമ്മ രാധയെയും അച്ഛൻ കിളിയെയും ചേർത്തുപിടിച്ചു വിശ്വനാഥൻ. ‘വലിയ അഭിമാനമാണ്. ഇന്ത്യയിലെ ആദ്യത്തെ പണിയ നഗരസഭാധ്യക്ഷനെന്നത് വിശ്വനാഥനെന്ന പേരിൽ കുറിക്കപ്പെടുമ്പോൾ അതൊരു ചരിത്രമാണ്’ – പറയുമ്പോൾ വിശ്വനാഥന്റെ ശബ്‌ദമിടറുന്നു. ‘എന്റെ കുട്ടി എവിടെയെത്തിയാലും സന്തോഷം.’ -അമ്മ രാധയും കണ്ണുതുടച്ചു.
2013-ൽ പാർട്ടിയംഗത്വം ലഭിച്ച തനിക്ക് 2015-ൽ കൗൺസിലിലേക്ക് മത്സരിക്കാൻ അവസരം നൽകിയതും ഇപ്പോൾ ചെയർപേഴ്സണാക്കിയതും വലിയൊരു അംഗീകാരമാണെന്ന് പി. വിശ്വനാഥൻ പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ എന്ന ഉത്തരവാദിത്വം വികസനങ്ങൾ എത്തിച്ച് നിർവഹിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അതിനായി എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുമെന്നും ജനങ്ങൾക്കൊപ്പം എന്നുമുണ്ടാവുമെന്നും വിശ്വനാഥൻ പറഞ്ഞു. സുനിതയാണ് ഭാര്യ. വൈഷ്‌ണവ്, വൈഷ്ണവി എന്നിവർ മക്കളാണ്.




