Uncategorized

തിരുവനന്തപുരം മേയർ വിവി രാജേഷിന് ആശംസ; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്, ‘പ്രചരിക്കുന്ന വാർത്ത തെറ്റ്

തിരുവനന്തപുരം: വിവി രാജേഷിന് ആശംസകൾ അറിയിച്ചുവെന്ന വാർത്തയോട് പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. വിവി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ഓഫീസ് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ വിവി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാമെന്ന് പിഎ അറിയിച്ചു. അതുകഴിഞ്ഞ് പിഎ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു.

താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ- അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്നും വാർത്ത തിരുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ കുറിപ്പിൽ പറയുന്നു.

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ്; സിപിഎം കോടതിയിലേക്ക്
തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ ചട്ടലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിപിഎം കോടതിയിലേക്ക്. വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. സത്യപ്രതിജ്ഞ ചെയ്ത ഇരുപത് അംഗങ്ങൾ ചട്ടം ലംഘിച്ചുവെന്നാണ് സിപിഎമ്മിൻ്റെ പരാതി. ബിജെപിയുടെ ചട്ടലംഘനത്തിനെതിരെ സിപിഎം പ്രതിഷേധിച്ചിരുന്നു. നേരത്തെ, ഇതിനെതിരെ പരാതി നൽകിയത് നിലവിലുണ്ട്.

തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. എംആർ ഗോപനാണ് വിവി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വിജി ഗിരികുമാർ പിൻതാങ്ങി. കോൺ​ഗ്രസിന്റെ രണ്ട് വോട്ട് അസാധുവാണ്. 97ആണ് സാധു വോട്ട്. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് വോട്ട് അസാധുവായത്. കെആർ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധു ആയത്. ക്ലീറ്റസ് കൗൺസിലിലെ മുതിർന്ന അംഗമാണ്. അതേസമയം, തിരുവനന്തപുരം മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതിൽ മുൻ ഡിജിപി ആർ ശ്രീലേഖ കടുത്ത അതൃപ്തിയിലാണ്. അനുനയിപ്പിക്കാൻ കേന്ദ്ര നേതാക്കൾ ശ്രമം നടത്തുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങൾ. ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനം ബിജെപി എടുക്കുകയായിരുന്നു. തന്റെ അതൃപ്തി അവർ പാർട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button