വി.വി.രാജേഷ് തിരുവനന്തപുരം മേയർ; ബിജെപിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സിപിഎം, നിരസിച്ച് കലക്ടർ

തിരുവനന്തപുരം തിരുവനന്തപുരം കോർപറേഷൻ മേയറായി വി.വി.രാജേഷിനെ തിരഞ്ഞെടുത്തു. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് വോട്ട് ചെയ്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. ബിജെപി-50, സ്വതന്ത്രൻ-1. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി. കെ ആർ ക്ലീറ്റസ് ( നന്തൻകോട് ), എസ്. ലതിക (വെങ്ങാനൂർ ) എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. ഒപ്പിട്ടതിലെ പിഴവാണ് കാരണം. കോൺഗ്രസ് വിമതനായി പൗണ്ട്കടവിൽ മത്സരിച്ചു വിജയിച്ച സുധീഷ് കുമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
വോട്ടെടുപ്പിന് തൊട്ടു മുൻപായി, ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്‌ഞ ചെയ്‌തതിലെ ചട്ടലംഘനം സിപിഎം കൗൺസിലർ എസ്.പി. ദീപക് ചൂണ്ടിക്കാട്ടിയെങ്കിലും കലക്‌ടർ നിരസിച്ചു. സത്യപ്രതിജ്‌ഞയ്ക്ക് മുൻപ് ഇക്കാര്യം ഉന്നയിക്കണമായിരുന്നു എന്ന് കലക്‌ടർ അനുകുമാരി പറഞ്ഞു. കയ്യടിയോടെയാണ് ബിജെപി അംഗങ്ങൾ കലക്‌ടറുടെ വാക്കുകളെ സ്വീകരിച്ചത്. സത്യപ്രതിജ്‌ഞ കഴിഞ്ഞ് ഫോമുകളിൽ ഒപ്പിടുകയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കലക്ടർ പറഞ്ഞു. തുടർന്ന് വോട്ടെണ്ണുന്നതിലേക്ക് കടന്നു




