Uncategorized

വാളയാർ ആൾക്കൂട്ടക്കൊല: ബന്ധുക്കൾ വിസമ്മതിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ തടസം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി

തൃശൂർ: വാളയാർ ആൾക്കൂട്ടക്കൊലയിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി. അതിഥി തൊഴിലാളിയുടെ മരണം അങ്ങേയറ്റം വേദനാജനകവും ഗൗരവതരവുമാണ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കും. മാനുഷിക പ്രശ്നമായി കണ്ടു മൃതദേഹം ചണ്ഡീസ്ഗഡിൽ എത്തിക്കുവാൻ സർക്കാർ മുൻകൈയെടുക്കും. ബന്ധുക്കൾ വിസമ്മതിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ചില തടസ്സങ്ങൾ നേരിടുന്നുണ്ട്. പൈശാചികമായ ആക്രമണമാണ് നടന്നതെന്ന് ലേബർ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവം അത്യന്തം ഗൗരവതരമാണ്. അന്വേഷണത്തിൽ അധ്യാപകൻ വിനായകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അധ്യാപകനെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തു. ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവവും ഗൗരവതരമാണ്. വിദ്യാലയങ്ങളിൽ ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ ആവില്ല. വകുപ്പുതല നടപടിയുടെ ഭാഗമായി സ്ഥിതി ഗതികൾ വിലയിരുത്തിയിട്ടുണ്ട്. അധ്യാപകനെതിരെ നടപടിയെടുക്കാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

അതിഥിത്തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട മർദ്ദനം
വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട കൊടും ക്രൂരതയാണെന്ന് പുറത്ത് വന്നിരുന്നു. രാംനാരായണൻ്റെ ശരീരത്തിൽ മുഴുവനായും മർദ്ദനമേറ്റ പാടുകളായിരുന്നു. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മർദിച്ചത്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച 3 മണിയ്ക്കാണ് സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button